മുംബൈ: യോഗാഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ് വസ്ത്രവ്യാപാര രംഗത്തേക്കും നീങ്ങുന്നു. കുറഞ്ഞ വിലയില്‍ ലോകോത്തര നിലവാരമുള്ള സ്വദേശി വസ്ത്രങ്ങള്‍ അടുത്ത വര്‍ഷം മുതല്‍ വിതരണത്തിനെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബാബാ രാംദേവ് വസ്ത്രവ്യാപാര രംഗത്തേക്ക് കടക്കുന്നത്.
മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി വിതരണത്തിനെത്തുന്ന പുതിയ ബ്രാന്‍ഡിലൂടെ ആദ്യവര്‍ഷം 5,000 കോടിയുടെ ബിസിനസ് നേടാനാകുമെന്നാണ് പതഞ്ജലിയുടെ പ്രതീക്ഷ.
ഇപ്പോഴത്തെ വിവരങ്ങളനുസരിച്ച് പരിധാന്‍ എന്ന ബ്രാന്‍ഡിലായിരിക്കും പതഞ്ജലിയുടെ വസ്ത്രങ്ങളെത്തുക. പരിധാന്‍ ബ്രാന്‍ഡിന്റെ കീഴില്‍ രാജ്യത്താകെ 250 ഔട്ട്ലെറ്റുകള് അടുത്ത വര്‍ഷം തന്നെ ആരംഭിക്കും. ഇപ്പോള്‍ പതഞ്ജലിയുമായി കരാറുള്ള ബിഗ് ബസാറിലും വസ്ത്രങ്ങള്‍ ലഭ്യമാകും. കൂടാതെ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന് വഴിയും വസ്ത്രങ്ങള്‍ വില്ക്കാന് പതഞ്ജലിക്കു പദ്ധതിയുണ്ട്. പദ്ധതിയുടെ ആദ്യഘട്ടമെന്നോണം ഉത്തരേന്ത്യയില്‍ ഏതാനും കൈത്തെറി ഗ്രാമങ്ങളുമായി ധാരണയായിട്ടുണ്ട്.
Discussion about this post