തിരുവനന്തപുരം: ലോകസഭ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ തയ്യാറാക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി കേരളത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേന്ദ്രനേതൃത്വവും ഇടപെടല്‍ ശക്തമാക്കും. സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തില്‍ നടക്കേണ്ടിയിരുന്ന ജനരക്ഷ യാത്ര ഒക്ടോബറിലേക്ക് മാറ്റിയത് അമിത് ഷായുടെ ഇടപെടല്‍ മൂലമാണ്. സംസ്ഥാന നേതൃത്വത്തില്‍ സമൂലമായ അഴിച്ചു പണിയ്ക്ക് ശേഷം മതി ജനരക്ഷാ യാത്ര പോലുള്ള പരിപാടികള്‍ എന്നാണ് അമിത് ഷായുടെ നിര്‍ദ്ദേശം.
നിലവില്‍ സംസ്ഥാന നേതൃത്വത്തില്‍ വിഭാഗീയത ശക്തമാണ്. ഇത് പരിഹരിക്കാതെ സംസ്ഥാനത്ത് ജനരക്ഷാ യാത്ര പോലുള്ള പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത് വിചാരിച്ച ഗുണം ചെയ്യില്ല എന്നാണ് അമിത് ഷായുടെ കണക്ക് കൂട്ടല്‍. ജനരക്ഷായാത്ര നിലവിലെ സാഹചര്യത്തില്‍ നടന്ന വേര്‍ത്തിരിവുകള്‍ പരസ്യമായ വിഴുപ്പലക്കിലേക്ക് നീങ്ങുമെന്ന ആശങ്കയും നേതൃത്വത്തനുണ്ടായിരുന്നു. അഴിമതി ആരോപണം ഉയര്‍ന്ന പല നേതാക്കളെയും മാറ്റി നിര്‍ത്തണമെന്ന ആവശ്യം അണികള്‍ക്കിടയില്‍ ഉയര്‍ന്നിരുന്നു.
സംസ്ഥാന നേതൃത്വത്തില്‍ ലോകസഭ തെരഞ്ഞെടുപ്പിന് മുമ്പ് സമഗ്രമായ അഴിച്ചുപണി വേണമെന്ന ആവശ്യം കുറച്ചിടയായി അമിത് ഷായുടെ മുന്നിലുണ്ട്. ഇതിന്റെ ഭാഗമായി ചില അനൗപചാരിക ചര്‍ച്ചകള്‍ ആര്‍എസ്എസുമായും മറ്റും കേന്ദ്രനേതാക്കള്‍ നടത്തിയിരുന്നു. മുതിര്‍ന്ന നേതാവായ മുന്‍ സംസ്ഥാന അധ്യക്ഷനെ വീണ്ടും സംസ്ഥാന നേതൃത്വത്തിലേക്ക് കൊണ്ടു വരണമെന്ന ആശയവും ഉയര്‍ന്നു. എന്നാല്‍ വീണ്ടും ആ പദവി വഹിക്കാനില്ല എന്ന് ആ നേതാവ് നിലപാട് എടുത്തതോടെ കേന്ദ്രനേതൃത്വം മറ്റ് ആലോചനകളിലേക്ക് നീങ്ങി.
സംസ്ഥാന നേതൃത്വത്തില്‍ ഇല്ലാത്ത തൃശ്ശൂര്‍ സ്വദേശിയായ അരവിന്ദ് മേനോനെ അധ്യക്ഷനാക്കുന്ന കാര്യം അങ്ങനെയാണ് അമിത് ഷായുടെ മുന്നിലെത്തിയത്. വര്‍ഷങ്ങളായി പാര്‍ട്ടി ദേശീയ ചുമതലകള്‍ വഹിക്കുന്ന അരവിന്ദമേനോന്റെ നേതൃത്വം കേരളത്തിന് ഗുണം ചെയ്യുമെന്നാണ് അമിത് ഷായുടെ കണക്ക് കൂട്ടല്‍. സംസ്ഥാന നേതൃത്വത്തില്‍ ഉണ്ടായിരുന്നില്ലെങ്കിലും കേരളത്തെ കുറിച്ച് വ്യക്തമായി അറിയുന്ന കേരള നേതാക്കളുമായി ബന്ധമുള്ള വ്യക്തിയാണ് അരവിന്ദ് മേനോന്. അമിത് ഷായുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അരവിന്ദ് മേനോന# ആര്‍എസ്എസിനും താല്പര്യമുള്ള ആളാണ്. മധ്യപ്രദേശ് ബിജെപി ഓര്‍ഗനൈസിംഗ് സെക്രട്ടറിയായി പ്രവര്‍ത്തിച്ച അദ്ദേഹം ഇപ്പോള്‍ ഡല്‍ഹി ഓഫിസിന്റെ ചുമതല വഹിക്കുകയാണ്. ഗ്രൂപ്പുകള്‍ക്കതീതമായി പുതിയ നേതൃ നിര പടുത്തുയര്‍ത്താന്‍ അരിന്ദ് മേനോന് കഴിയുമെന്നാണ് അമിത് ഷായുടെ കണക്കു കൂട്ടല്‍.
ബിജെപിയില്‍ നിന്ന് വിട്ടു നില്ക്കുന്ന ചിലരേയും ആര്‍എസ്എസില്‍ നിന്ന് മിടുക്കരായ ചിലരെയും ബിജെപിയില്‍ എത്തിക്കാനാണ് അമിത് ഷായുടെ തീരുമാനം. അഴിമതി വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്കാന് പര്യാപ്തമായ പുതിയ മുഖങ്ങള്‍ വേണമെന്നും അദ്ദേഹം കണക്കുകൂട്ടുന്നു. ബിജെപി ജില്ല നേതൃത്വങ്ങളില്‍ ഉള്‍പ്പടെ പുതിയ നേതാക്കള്‍ അവരോധിക്കപ്പെടും. വിട്ടുവീഴ്ചയില്ലാത്ത സമീപനം ഇക്കാര്യത്തില്‍ വേണമെന്നാണ് അമിത് ഷായും നിര്‍ദ്ദേശം. പുതിയ അധ്യക്ഷന്‍ കീഴില്‍ പുതിയ മുഖമുള്ള ബിജെപി എന്നായിരിക്കും മുദ്രാവാക്യം. എല്ലാ കാര്യങ്ങളിലും നേരിട്ട് അമിത് ഷാ തന്നെ ഇടപെടാവുന്ന തരത്തിലായിരിക്കും പുനസംഘടന.
നിലവിലെ സംസ്ഥാന നേതൃത്വത്തിലെ പലരും ദേശീയ ചുമതലകളിലേക്ക് മാറ്റപ്പെടും. അത്തരം സ്ഥാനങ്ങളില്‍ ജനകീയരായ പുതിയ ആളുകള്‍ എത്തും. യുവാക്കള്‍ക്ക് പ്രാമുഖ്യം നല്കുന്ന നേതൃനിരയാണ് അമിത് ഷാ ഉദ്ദേശിക്കുന്നത്. എബിവിപിയിലൂടെ രാഷ്ട്രീയ രംഗത്ത് സാന്നിധ്യം അറിയിച്ച പല പേരുകളും അദ്ദേഹത്തിന്റെ പരിഗണനയില്‍ ഉണ്ട്. ആര്‍ക്കും മുറിവേല്ക്കാതെ നേതൃപുനസംഘടന നടത്താനുള്ള മാസ്റ്റര്‍ പ്ലാനും അമിത് ഷാ തയ്യാരാക്കി കഴിഞ്ഞു
Discussion about this post