ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയ നോട്ടുകളില്‍ 99 ശതമാനവും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ത്തുന്നവര്‍ രാജ്യത്ത് നോട്ട് നിരോധനത്തിന് ശേഷമുണ്ടായ മാറ്റങ്ങളും അറിയേണ്ടതുണ്ട്.
നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തോടെ അസാധു നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ബാങ്കുകള്‍ വഴി സാഹചര്യമൊരുക്കിയതോടെ കണക്കില്‍പ്പെടാതെ കിടന്ന കോടിക്കണക്കിന് പണത്തെക്കുറിച്ചുള്ള വിവരം ശേഖരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. നോട്ടു അസാധുവാക്കലിനിടെ അസാധുനോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും പണം നിക്ഷേപിക്കുന്നതിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നില്ല. 5000 രൂപയ്ക്ക് മുകളിലുള്ള അസാധുനോട്ടുകള്‍ നിക്ഷേപിക്കുന്നതിന് കെവൈസി ഡാറ്റ സമര്‍പ്പിക്കണമെന്നായിരുന്നു ഏക മാര്‍ഗ്ഗനിര്‍ദേശം.
രാജ്യത്ത് അസാധുവാക്കപ്പെട്ട നോട്ടുകളില്‍ 99 ശതമാനവും തിരിച്ചെത്തിയെന്ന റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ നോട്ട് നിരോധനം വന്‍ വിജയമാണെന്ന അവകാശവാദവുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. കള്ളപ്പണം കണ്ടുകെട്ടുകമാത്രമായിരുന്നില്ല നോട്ട് അസാധുവാക്കലില്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിട്ടതെന്നും അദ്ദേഹം പറഞ്ഞു.
2016 നവംബര്‍ എട്ടിലെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തോടെ രാജ്യത്ത് നികുതിയില്‍ നിന്നുള്ള വരുമാനത്തില്‍ വര്‍ധനവുണ്ടായി. അതിനൊപ്പം നികുതി ദായകരുടെ എണ്ണവും കുത്തനെ ഉയര്‍ന്നു. 15.44 ലക്ഷം കോടി നോട്ടുകളാണ് ഇക്കഴിഞ്ഞ നവംബര്‍ എട്ടിന് സര്‍ക്കാര്‍ നിരോധിച്ചത്. ഇതില്‍ 15.28 ലക്ഷം കോടി നോട്ടുകളും തിരിച്ചെത്തിയതായി ആര്‍ബിഐ പറയുന്നു. അസാധുവാക്കപ്പെട്ട ആയിരത്തിന്റെ 8.9 കോടി നോട്ടുകള്‍ ഇനിയും തിരിച്ചെത്തിയിട്ടില്ലെന്നും റിസര്‍വ് ബാങ്ക് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
നോട്ടുനിരോധനം വന്‍ പരാജയമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം ആരോപിച്ചിരുന്നു. നോട്ട് നിരോധനം രാജ്യത്തിന് നാണക്കേടായിപ്പോയെന്ന് ചൂണ്ടിക്കാണിച്ച ചിദംബരം കള്ളപ്പണം വെളുപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തന്ത്രമായിരുന്നോ നോട്ട് അസാധുവാക്കല്‍ നടപടിയെന്നും ചോദ്യമുന്നയിക്കുന്നു.
നോട്ടു അസാധുവാക്കല്‍ പ്രഖ്യാപനം അതിന്റെ ലക്ഷ്യം കണ്ടുവെന്നും നോട്ട് നിരോധനം വഴി ഇന്ത്യയെ റന്‍സി രഹിത സമ്പദ് വ്യവസ്ഥയിലേയ്ക്ക് പടിപടിയായി കൊണ്ടുവരാന്‍ കഴിഞ്ഞെന്നും നികുതിയുടെ അടിത്തറ ശക്തമാക്കുന്നതില്‍ പങ്കുവഹിച്ചുവെന്നും ഡിജിറ്റലൈസേഷനെ പിന്തുണയ്ക്കുന്നതിനൊപ്പം ഭീകരവാദത്തെ ഇല്ലായ്മ ചെയ്യുന്നതിന് ഉപകരിച്ചുവെന്നും അരുണ്‍ ജെയ്റ്റ്ലി ചൂണ്ടിക്കാണിച്ചു. പി ചിദംബരത്തിന്റെ വിമര്‍ശനത്തിനുള്ള മറുപടിയായിരുന്നു ജെയ്റ്റ്ലിയുടെ പ്രതികരണം. ഇത്തരത്തില്‍ നോട്ടുനിരോധനം അതിന്റെ എല്ലാ മേഖലയിലും അങ്ങേയറ്റം വസ്തുതാപരമായ മാറ്റങ്ങളാണുണ്ടാക്കിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ഉയര്‍ന്ന തോതില്‍ പണം മാത്രം കൈമാറ്റം ചെയ്തിരുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ഡിജിറ്റല്‍ സ്പേസിലേയ്ക്ക് മാറ്റുന്നതിനും എല്ലാത്തരം ഇടപാടുകളും കൃത്യമായി അടയാളപ്പെടുത്തുന്നതിനുമുള്ള സാഹചര്യങ്ങളാണ് നോട്ട് നിരോധനത്തോടെ പ്രാബല്യത്തില്‍ വന്നത്. ഇത് നികുതി വെട്ടിപ്പ് നടത്തുന്നവരെ എളുപ്പത്തില്‍ കണ്ടെത്താന്‍ സഹായിക്കുന്നതാണ്. നോട്ട് നിരോധനത്തിന്റെ സുപ്രധാന നേട്ടങ്ങളിലൊന്നാണ് അനധികൃത പണം നിയന്ത്രിക്കാനായി എന്നത്. അനധികൃ തമായി പണം സമ്പാദിച്ചവര്‍ക്കും നികുതി വെട്ടിപ്പ് നടത്തിയവര്‍ക്കും വലിയ തിരിച്ചടിയായിരുന്നു നടപടി. കണ്ടെത്താന്‍ കഴിയാത്ത വിധം ഒളിപ്പിച്ചിരുന്ന കള്ളപ്പണമാണ് ഇതോടെ പുറത്തു വന്നത്. ഇത്തരത്തില്‍ കള്ളപ്പണം സൂക്ഷിച്ചവര്‍ക്ക് മുന്നില്‍ രണ്ടു വഴി മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഒന്ന് പണം ബാങ്കില്‍ നിക്ഷേപിച്ച് നികുതിയും പിഴയും അടയ്ക്കുക മറ്റൊന്ന് ആ പണം വിലയില്ലാത്ത പേപ്പറാണെന്ന് തിരിച്ചറിഞ്ഞ് കത്തിച്ചു കളയുക.
നോട്ട് നിരോധനം കൊണ്ടുണ്ടായ ഏറ്റവം വലിയ നേട്ടങ്ങളിലൊന്നാണ് തീവ്രവാദത്തിനേറ്റ തിരിച്ചടി. പാകിസ്ഥാന് ഇന്ത്യയിലേക്ക് കള്ളനോട്ട് കടത്തി തീവ്രവാദം വ്യാപിപ്പിക്കുന്നതായി കണ്ടെത്തിയിരുന്നു. തീവ്രവാദത്തിന്റെ വ്യാപനത്തിന് നല്കിയ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു ഇത്. രാജ്യത്ത് 400 കോടിയോളം കള്ളനോട്ട് ഉണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പ്രതി വര്‍ഷം 70 കോടി രൂപയുടെ കള്ളനോട്ട് നമ്മുടെ സമ്പദ് വ്യവസ്ഥയില്‍ എത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതിനെല്ലാം നോട്ട് നിരോധനം തിരിച്ചടിയായിരിക്കുകയാണ്. റിയല്‍എസ്റ്റേറ്റ്, സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള അനധികൃത പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം തടയിടാനും ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്.
തിരഞ്ഞെടുപ്പ് സുതാര്യമാക്കാന്‍ നോട്ട് നിരോധനത്തിന് കഴിയുമെന്നതാണ് മറ്റൊരു നേട്ടം. തിരഞ്ഞെടുപ്പിലെ കള്ളപ്പണത്തിന്റെ ഒഴുക്ക് പരസ്യമായ രഹസ്യമാണ്. നോട്ട് നിരോധനത്തിലൂടെ ഇതിനും നിയന്ത്രണം കൊണ്ടു വരാന്‍ കഴിഞ്ഞിരിക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ടുകള്‍ക്കു മേല്‍ സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടു വന്നിരിക്കുകയാണ്. മാത്രമല്ല നോട്ട് നിരോധനത്തിനു പിന്നാലെ സ്വന്തം പാര്‍ട്ടിയിലെ അംഗങ്ങളോട് സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ മോദി ആവശ്യപ്പെട്ടിരിക്കുകയാണ്. അങ്ങനെയെങ്കില്‍ മറ്റ് പാര്‍ട്ടിക്കാരും സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ നിര്‍ബന്ധിതരാകും.
കറന്‍സി ഉപയോഗിച്ചിരുന്ന സാധാരണ രീതിയില്‍ നിന്ന് മാറി ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെ ഡിജിറ്റല്‍ സാമ്പത്തിക രീതിയിലേക്ക് മാറാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. നോട്ട് നിരോധനത്തിനു പിന്നാലെ പേപ്പര്‍ കറന്‍സിയുടെ ഉപയോഗം കുറച്ചിരിക്കുകയാണ് ജനങ്ങള്‍. ഇത്തരം ഇടപാടികള്ക്ക് വ്യക്തമായ രേഖ ഉണ്ടാകുമെന്നതിനാള് കള്ളത്തരം നടക്കില്ലെന്നതാണ് മറ്റൊരു നേട്ടം. മാത്രമല്ല ഫീസ്, ടിക്കറ്റ് ബുക്കിങ് എന്നിവയ്ക്ക് കൂടുതല്‍ പേരും ഡിജിറ്റല്‍ വിദ്യ സ്വീകരിച്ചു തുടങ്ങി.
നോട്ട് നിരോധനത്തിനു മുമ്പ് വരെ കശ്മീരില്‍ സൈന്യവും വിഘടനവാദികളും തമ്മില്‍ നിലനിന്നിരുന്ന സംഘര്‍ഷം എന്നും വാര്‍ത്തയായിരുന്നു. സംഘര്‍ഷം ശമിക്കാതെ ശക്തമായിക്കൊണ്ടിരുന്നപ്പോഴായിരുന്നു മോദിയുടെ നോട്ട് നിരോധനം വന്നത്. ഇതോടെ സംഘര്‍ഷങ്ങള്‍ അയഞ്ഞു. ഇപ്പോള്‍ കശ്മീരിലെ സ്ഥിഗതികള്‍ സമാധാനപരമാണ്. കശ്മീരില്‍ സൈന്യത്തെ ആക്രമിക്കാന്‍ അവിടത്തെ യുവാക്കള്‍ക്ക് വിഘടനവാദികള്‍ ദിവസേന 1000 രൂപ മുതല്‍ പ്രതിഫലം നല്‍കിയിരുന്നു. എന്നാല്‍ നിയന്ത്രണം വന്നതോടെ പണം നല്കാന് കഴിയാതെയായി. ഇതോടെ സംഘര്‍ഷങ്ങളും അവസാനിച്ചു.
Discussion about this post