കാണ്‍പുര്‍: ഇന്ത്യ – ന്യുസീലന്‍ഡ് ഏകദിന പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ ഏകദിനം കാണ്‍പൂരില്‍ ആരംഭിച്ചു. പരമ്പരയില്‍ ഇരു ടീമും ഓരോ മല്‍സരങ്ങള്‍ ജയിച്ചതിനാല്‍ ഇന്ന് ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. മല്‍സരത്തില്‍ ടോസ് നേടിയ ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന് ബോളിങ് തിരഞ്ഞെടുത്തു. രണ്ടാം ഏകദിനത്തില്‍ കളിച്ച ടീമില്‍ മാറ്റമില്ലാതെയാണ് ഇരു കൂട്ടരും നിര്‍ണായക മല്‍സരത്തിനിറങ്ങുന്നത്.
ആദ്യ മല്‍സരത്തില്‍ തോറ്റെങ്കിലും രണ്ടാം മല്‍സരത്തില്‍ വ്യക്തമായ മേധാവിത്വത്തില്‍ കിവികളെ തകര്‍ത്ത ഇന്ത്യ ആത്മവിശ്വാസത്തിലാണ്. ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയും നേതൃത്വം നല്കുന്ന ബോളിങ് നിര ഫോമിലാണ്. രണ്ടാം മല്‍സരത്തില്‍ ബാറ്റിങ് നിരയും ഫോമിലേക്ക് ഉയര്‍ന്നത് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നുണ്ട്.
രണ്ടാം ഏകദിനത്തിലേറ്റ അപ്രതീക്ഷിത തോല്‍വിയുടെ ഞെട്ടലിലാണ് കിവീസ്. സ്പിന്‍ നിര പ്രതീക്ഷിച്ച ഫോമിലേക്ക് ഉയരാത്തത് അവരെ അലട്ടുന്നുണ്ട്. റോസ് ടെയ്ലറും ടോം ലാഥവും മികച്ച പ്രകടനം നടത്തുന്നതും വാലറ്റം ഫോമിലേക്കുയര്‍ന്നതും കിവീസ് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്. ജയിച്ചാല്‍ പരമ്പര. ഏറെക്കാലമായി സ്വന്തം മണ്ണില്‍ പരമ്പര നഷ്ടപ്പെടുത്താത്ത ഇന്ത്യയും രണ്ടും കല്പ്പിച്ചു തന്നെ.
Discussion about this post