അഹമ്മദാബാദ്: ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തേണ്ടതില്ലെന്ന് ദലിത് നേതാവ് ജിഗ്നേഷ് മെവാനി ഫേസ്ബുക്കില്‍ കുറിച്ചു.
രാഹുലുമായി കൂടിക്കാഴ്ച നടത്തിയാല്‍ തന്നെ അതു ദലിത് വിഭാഗത്തിന്റെ പ്രശ്നങ്ങളിലെ കോണ്‍ഗ്രസ് നിലപാടറിയാന്‍ മാത്രമാക്കിയിരിക്കുമെന്നും അല്ലാതെ സ്വന്തം താല്പര്യങ്ങള്ക്കു വേണ്ടിയല്ലെന്നും ജിഗ്നേഷ് കൂട്ടിച്ചേര്‍ത്തു.
അതിനിടെ, രാഹുല്‍ ഗാന്ധി ബുധനാഴ്ച ആരംഭിക്കുന്ന പ്രചാരണത്തിനിടെ ജിഗ്നേഷുമായി കൂടിക്കാഴ്ച നടത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസും വ്യക്തമാക്കി. ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമാകുന്നില്ലെന്ന് മെവാനി മുന്‍പും പറഞ്ഞിരുന്നു. ബിജെപിയെ താഴെയിറക്കാന്‍ ആവശ്യമായത് ചെയ്യും.
വോട്ടു ചെയ്യാന്‍ താന്‍ ആരോടും ആഹ്വാനം ചെയ്യില്ല. എന്നാല്‍ ഭരണഘടനാ വിരുദ്ധമായ, ദലിത്, പട്ടിദാര്‍, കര്‍ഷക വിരുദ്ധരായ ബിജെപിയെ തകര്‍ക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്നും മെവാനി വ്യക്തമാക്കിയിരുന്നു.
ഗുജറാത്തില്‍ ബിജെപിക്കെതിരെ ചെറുപാര്‍ട്ടികളെ അണിനിരത്തി വിശാല സഖ്യം രൂപീകരിക്കുന്നതിനാണ് കോണ്‍ഗ്രസ് നീക്കം നടത്തുന്നത്. ഇതിനായി പട്ടേല്‍ സംവരണ പ്രക്ഷോഭത്തിന്റെ നേതാവ് ഹാര്‍ദിക് പട്ടേല്‍, ദലിത് അവകാശമുന്നണി നേതാവ് ജിഗ്നേഷ് മെവാനി, പിന്നാക്ക ദലിത് ആദിവാസി ഐക്യവേദി നേതാവ് അല്‍പേഷ് താക്കൂര്‍ എന്നിവരെ പാര്‍ട്ടിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് ക്ഷണിച്ചിരുന്നു.
ഹാര്‍ദിക് പട്ടേലും കോണ്‍ഗ്രസിന്റെ ക്ഷണം നേരത്തെ നിരസിച്ചിരുന്നു. എന്നാല്‍ ക്ഷണം സ്വീകരിച്ച അല്‍പേഷ് ഠാക്കൂര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇതോടെ വിശാല സഖ്യത്തിന്റെ സാധ്യതകള്‍ ത്രിശങ്കുവിലാകുമെന്നാണ് സൂചന.
Discussion about this post