മാഡ്രിഡ്: ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിനെ തകര്‍ത്ത് ടോട്ടനം ഹോട്സ്പര്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ പ്രീക്വാര്‍ട്ടറില്‍ സ്ഥാനം ഉറപ്പിച്ചു. നപ്പോളിയെ തകര്‍ത്ത മറ്റൊരു പ്രീമിയര്‍ ലീഗ് ടീമായ മാഞ്ചസ്റ്റര്‍ സിറ്റിയും പ്രീക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പാക്കിയിട്ടുണ്ട്. ബയറണ് മ്യൂണിക്കും പി.എസ്.ജിയും നേരത്തെ തന്നെ അവസാന പതിനാറില്‍ ഇടം ഉറപ്പിച്ചിരുന്നു. ഗ്രൂപ്പ് എച്ചില് റയലിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകര്‍ത്താണ് ടോട്ടനം പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ് ഉറപ്പിച്ചത്. ഗ്രൂപ്പ് എച്ചില് നാലു കളികളില്‍ നിന്ന് പത്ത് പോയിന്റോടെയാണ് അവര്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായത്. രണ്ടാം സ്ഥാനക്കാരായ റയലിന് ഏഴ് പോയിന്റാണുള്ളത്.
ഡെലെ അലിയുടെ ഇരട്ട ഗോളിലാണ് ടോട്ടനം ജയം അനായാസമാക്കിയത്. 26, 56 മിനിറ്റുകളിലായിരുന്നു അലിയുടെ ഗോളുകള്‍. 65-ാം മിനിറ്റില്‍ എറിക്സണ് മൂന്നാം ഗോളും വലയിലാക്കി. ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന റയലിനുവേണ്ടി ലോക ഫുട്ബോളര് ക്രിസ്റ്റിയാനോയാണ് 80-ാം മിനിറ്റില്‍ ഒരു ആശ്വാസഗോള്‍ നേടിയത്. ഗ്രൂപ്പിലെ മറ്റ് ടീമുകളായ അപ്പോയലിനും ബറൂസ്യ ഡോര്‍ട്ട്മണ്ടിനും നാലു കളികളില്‍ നിന്ന് രണ്ട് പോയിന്റ് മാത്രമാണുള്ളത്. അതുകൊണ്ട് റയലിന്റെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം അത്ര വിഷമകരമായിരിക്കില്ല. ബറൂസ്യയും അപ്പോയലും തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു. സ്കോര്‍: 1-1.
ഗ്രൂപ്പ് എഫില്‍ നപ്പോളിയെ രണ്ടിനെതിരെ നാലു ഗോളിന് തകര്‍ത്താണ് മാഞ്ചസ്റ്റര്‍ സിറ്റി പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. 21-ാം മിനിറ്റില്‍ ലീഡ് വഴങ്ങിയശേഷമായിരുന്നു സിറ്റിയുടെ ഉജ്വല തിരിച്ചുവരവ്.
21-ാം മിനിറ്റില്‍ ഇന്‍സിഗ്നെയുടെ ഗോളിലാണ് നപ്പോളി മുന്നിലെത്തിയത്. എന്നാല്‍, 34-ാ മിനിറ്റില്‍ ഒട്ടാമെന്‍ഡി സിറ്റിയെ ഒപ്പമെത്തിച്ചു. 1-1 ആയിരുന്നു പകുതി സമയത്തെ സ്കോര്‍. എന്നാല്‍, 48-ാം മിനിറ്റില്‍ സ്റ്റോണ്‍സ് സിറ്റിക്ക് ലീഡ് നേടിക്കൊടുത്തു. 62-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഫ്രെല്ലോാ ഫിലോ നപ്പോളിയെ ഒപ്പമെത്തിച്ചെങ്കിലും 48-ാം മിനിറ്റില്‍ അഗ്യുറോ സിറ്റിക്ക് ലീഡ് സമ്മാനിച്ചു. ഇതോടെ സിറ്റിക്കു വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരം എന്ന ബഹുമതി അഗ്യുറോ സ്വന്തമാക്കി. സിറ്റിക്കുവേണ്ടിയുള്ള അഗ്യുറോയുടെ 178-ാം ഗോളായിരുന്നു ഇത്. 1930ല്‍ എറിക് ബ്രൂക്ക് സ്ഥാപിച്ച റെക്കോഡാണ് അഗ്യുറോ മറികടന്നത്. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ ലക്ഷ്യം കണ്ട് സ്റ്റെര്‍ലിങ് പട്ടിക തികയ്ക്കുകയും ചെയ്തു.
നാലു കളികളില്‍ നിന്ന് പന്ത്രണ്ട് പോയിന്റുണ്ട് സിറ്റിക്ക്. മൂന്ന് പോയിലന്റ് മാത്രമുള്ള നപ്പോളി മൂന്നാമതാണ്. അവസാനക്കാരായ ഫെയര്നൂര്ദിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകര്‍ത്ത് ഒന്‍പത് പോയിന്റ് സമ്പാദ്യമുള്ള ഷക്തറാണ് രണ്ടാമത്. ഗ്രൂപ്പ് ഇയില്‍ ലിവര്‍പൂളും സെവിയ്യയും ജയം സ്വന്തമാക്കി. മാരിബോററിനെ മടക്കമില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത ലിവര്‍പൂളാണ് ഗ്രൂപ്പില്‍ ഒന്നാമത്. നാലു കളികളില്‍ നിന്ന് എട്ട് പോയിന്റുള്ള അവര്‍ക്ക് ഒരു പോയിന്റിന്റെ മേല്‍ക്കൈയുണ്ട്. സ്പാര്‍ട്ടെക് മോസ്കാവയെ ഒന്നിനെതിരെ രണ്ട് ഗോളിന് മറികടന്ന സെവിയ്യ ഏഴ് പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. അഞ്ച് പോയിന്റുള്ള സ്പാര്‍ട്ടെക്ക് മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.
ഗ്രൂപ്പ് ജിയില്‍ എഫ്.സി.പോര്‍ട്ടോ ലെയ്പ്സിഗിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോല്പിച്ചു. ഈ ജയത്തോടെ പോര്‍ട്ടോ ലെയപ്സിഗിനെ മറികടന്ന് ആറ് പോയിന്റുമായി രണ്ടാം സ്ഥാനത്തേയ്ക്കു കയറി. പത്ത് പോയിന്റുള്ള ബെസിക്റ്റാസ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
Discussion about this post