തിരുവനന്തപുരം: കോണ്‍ഗ്രസ് സ്വീകരണ പരിപാടിക്കായി മലപ്പുറം കൊണ്ടോട്ടിയിലെത്തിയാല്‍ വി.ടി.ബല്‍റാം എം.എ.എയുടെ കാലുവെട്ടുമെന്ന് ഭീഷണി. കൊണ്ടോട്ടി കൊടിമരം സഖാക്കള്‍ എന്ന ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിലാണ് ഭീഷണി ഉന്നയിച്ചിരിക്കുന്നത്. കൊണ്ടോട്ടി മുനിസിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 19ന് ബല്‍റാമിനു കൊണ്ടോട്ടിയില്‍ സ്വീകരണം നല്‍കുന്നുണ്ട്. ഈ പരിപാടിക്കെത്തിയാല്‍ ആക്രമണമുണ്ടാകുമെന്നാണ് ഭീഷണി. എ.കെ.ജിക്കെതിരായി ബല്‍റാം നടത്തിയ പ്രസ്താവനയാണ് പ്രകോപനത്തിന് കാരണം.
കൊണ്ടോട്ടി കൊടിമരം സഖാക്കള്‍ക്ക് ഇന്ന് അതിനുള്ള ചങ്കൂറ്റവും ആരോഗ്യവും പ്രസ്ഥാനത്തിന്റെ ബലവുമുണ്ട്. ബല്‍റാം ജനിക്കുന്നതിന് മുമ്പ് എ.കെ.ജി ജനിച്ചതിനാലാണ് ബല്‍റാമിന് ഖദര്‍ ധരിച്ച് നടക്കാന്‍ കഴിയുന്നത്. ബല്‍റാം കൊണ്ടോട്ടിയില്‍ വന്നാല്‍ തടയുമെന്നും അതിനെതിരെ കേസ് വന്നാല്‍ ഒരു കുഴപ്പവുമില്ലെന്നും വിഡിയോയില്‍ പറയുന്നു.
അതേസമയം, എം.എല്‍.എയ്ക്കെതിരെ വധഭീഷണി മുഴക്കിയവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റ് റിയാസ് കൊണ്ടോട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതി ലഭിച്ചിട്ടുണ്ടെന്നും മേല്‍ നടപടികള്‍ സ്വീകരിക്കുമെന്നും കൊണ്ടോട്ടി പൊലീസ് അറിയിച്ചു.
Discussion about this post