തിരുവനന്തപുരം: കശ്മീര്‍ പോലെയായി കണ്ണൂര്‍ മാറുകയാണെന്നു ജമ്മു കശ്മീര്‍ ഉപമുഖ്യമന്ത്രി പ്രഫ. നിര്‍മല്‍ കുമാര്‍ സിംഗ് പറഞ്ഞു. കശ്മീര്‍ കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ തീവ്രവാദ കേസുകള്‍ റജിസ്റ്റര്‍ ചെയ്യപ്പെടുന്ന ജില്ലയാണു കണ്ണൂര്‍ എന്നത് ഇതിനു തെളിവാണെന്നും അദ്ദേഹം പറഞ്ഞു. കശ്മീര്‍ അതിര്‍ത്തിയില്‍ കണ്ണൂരില്‍ നിന്നുള്ള യുവാക്കള്‍ കൊല്ലപ്പെടുന്നു. തീവ്രവാദികള്‍ കണ്ണൂര്‍ ഒളിത്താവളമാക്കുന്നു. ഇതൊക്കെ വലിയ വിപത്തിലേക്കുള്ള തുടക്കമാണെന്നും ഇതിനെ തടയാന്‍ രാഷ്ട്രീയത്തിനും മതത്തിനും അതീതമായി ജനങ്ങള്‍ ഒന്നിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.. രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിന്റെ പേരിലുള്ള കൊലപാതകവും തീവ്രവാദ പ്രവര്‍ത്തനമാണ്. ബിജെപി പിഡിപിയുമായി സഖ്യമുണ്ടാക്കി ഭരിക്കാന്‍ തുടങ്ങിയതോടെ കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞുവെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു.
ബിജെപി ലീഗല്‍ സെല്‍ സംഘടിപ്പിച്ച ‘രാഷ്ട്രം നേരിടുന്ന ആഭ്യന്തരവും വൈദേശികവുമായ വെല്ലുവിളികള്‍’ എന്ന വിഷയത്തിലെ ചിന്താ സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സദ്ഭരണം എന്ന ആശയത്തിനു വേണ്ടിയാണു ബിജെപി പിഡിപിയുമായി സഖ്യം ഉണ്ടാക്കിയത്. ബിജെപിയുമായി ചേര്‍ന്നതോടെ പിഡിപിയും ദേശീയധാരയിലേക്കെത്തി. യുവാക്കള്‍ ധാരാളമായി തീവ്രവാദ പാത ഉപേക്ഷിക്കാന്‍ തയാറായി. തോക്കുകൊണ്ടു സംസാരിച്ചിരുന്നവര്‍ ഇപ്പോള്‍ നാക്കുകൊണ്ടു സംസാരിക്കാന്‍ തുടങ്ങിയതു നല്ല ലക്ഷണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്മഭൂഷണ്‍ ബഹുമതി നേടിയ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരനെ മന്ത്രി ആദരിച്ചു.
Discussion about this post