എയര്‍സെല്‍-മാക്സിസ് അഴിമതിക്കേസില്‍ മുന്‍ ധനകാര്യ മന്ത്രിയായ പി.ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നേടാന്‍ സി.ബി.ഐക്ക് ഒരു ഡല്‍ഹി കോടതി ഏഴ് ആഴ്ചയുടെ സമയമനുവദിച്ചു. ചിദംബരത്തെ കൂടാതെ അദ്ദേഹത്തിന്റെ മകന് കാര്‍ത്തി ചിദംബരവും മറ്റ് ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കേസില്‍ പ്രതികളാണ്. കേസ് പരിഗണിക്കുന്ന അടുത്ത തീയ്യതിയായ നവംബര്‍ 26നുള്ളില്‍ അനുമതി നേടാനാണ് സി.ബി.ഐയോട് കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്.
ജൂലായ് 19, 2018നായിരുന്നു സി.ബി.ഐ ചിദംബരത്തിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ ഇത് സര്‍ക്കാരിന്റെ അനുമതി ലഭിക്കാതെ സമര്‍പ്പിച്ച കുറ്റപത്രമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അനുമതി നല്കുന്നതിനെപ്പറ്റി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് സി.ബി.ഐയുടെ അഭിഭാഷക സോണിയാ മഥുര്‍ പറഞ്ഞു. നാലാഴ്ചക്കുള്ളില്‍ അനുമതി ലഭിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
2006ല്‍ പി.ചിദംബരം ധനകാര്യ മന്ത്രിയായിരിക്കെ എയര്‍സെല്‍ കമ്പനിയില്‍ വിദേശ നിക്ഷേപം അനുവദിച്ചതില്‍ അഴിമതി നടന്നുവെന്നാണ് കേസ്. മാക്സിസ് കമ്പനി ചെന്നൈയിലുള്ള അഡ്വാന്റേജ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടിംഗ് എന്ന കമ്പനിക്ക് 26 ലക്ഷം കൊടുത്തുവെന്ന് പറയപ്പെടുന്നു. ഈ കമ്പനി നിയന്ത്രിച്ചിരുന്നത് കാര്‍ത്തി ചിദംബരമാണെന്നും ആരോപണമുണ്ട്. കേസില്‍ കുറ്റവാളിയാണെന്ന് തെളിയിക്കപ്പെട്ടാല്‍ പ്രതികള്‍ക്ക് ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്നതാണ്.
Discussion about this post