ഇന്ത്യയിലെ കുട്ടികളെ, പ്രത്യേകിച്ച് പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ഇന്ത്യയിലുള്ള ആര്.എസ്.എസ് ശാഖകള്‍ക്ക് സാധിക്കുമെന്ന് 2014ല്‍ നോബേല്‍ സമ്മാനം ലഭിച്ച കൈലാഷ് സത്യാര്‍ത്ഥി അഭിപ്രായപ്പെട്ടു. ജോലിസ്ഥലത്തും മറ്റ് പൊതുയിടങ്ങളിലും സ്ത്രീകള്‍ ഭീതിയും, ഭീഷണിയും, അരക്ഷിതാവസ്ഥയും നേരിടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ഭാരതമാതാവിനോടുള്ള കടുത്ത അനാദരവാണെന്നും അദ്ദേഹം പറഞ്ഞു. ആര്.എസ്.എസിന്റെ നേതൃത്വത്തില്‍ നാഗ്പൂരില്‍ നവരാത്രി ആഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹത്തായ ശിശുസൗഹൃതമായ ഒരു രാജ്യം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തിനായി യുവാക്കളുടെ കര്‍മ്മശേഷിയും പങ്കാളിത്തവും അത്യന്താപേക്ഷികമാണെന്നും രാജ്യത്തിന്റെ ഭാവി സംരക്ഷിക്കാനും പുതിയ തലമുറയെ മുന്നോട്ടു നയിക്കാനും ആര്.എസ്.എസിലെ യുവാക്കള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ഓരോ ഗ്രാമങ്ങളിലെയും ആര്.എസ്.എസ് ശാഖകള്‍ ഈ ദൗത്യം ഏറ്റെടുക്കണമെന്നും അത് മൂലം ഇനി വരുന്ന തലമുറ സ്വസംരക്ഷണത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഷ്ടതയില്‍ നിന്നും ചൂഷണത്തില്‍ നിന്നും രക്ഷപെട്ട ഒരു ആദിവാസി പെണ്‍കുട്ടിയുടെ മുഖത്തെ ചിരി കണ്ടിട്ടോ അല്ലെങ്കില്‍ ക്വാറികള്‍ ഉള്ള, നിരന്തര ചൂഷണം നേരിടുന്ന ഒരു പ്രദേശം രക്ഷപെടുന്നതോ കണ്ടിട്ടാണ് താന്‍ രാജ്യത്തിന്റെ പുരോഗതി കണക്കാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചെറിയ പ്രായത്തിലുള്ള കുട്ടികളെ താന്‍ എങ്ങനെയാണ് രക്ഷിക്കുന്നതെന്ന് ചിലര്‍ തന്നോട് ചോദിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിനുത്തരമായി അദ്ദേഹം പറഞ്ഞത് ഇന്ത്യ നൂറ് 100 പ്രശ്നങ്ങളുടെ രാജ്യമാണെങ്കില്‍ ലക്ഷം പരിഹാരങ്ങളുടെയും കൂടി രാജ്യമാണെന്നായിരുന്നു.
Discussion about this post