കൊല്‍ക്കത്ത; രഥയാത്രയ്ക്ക് അനുമതി ആവശ്യപ്പെട്ട് ബിജെപി നല്കിയ അപേക്ഷയില്‍ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോയതിന് ബംഗാള്‍ സര്‍ക്കാരിനെതിരെ കല്‍ക്കട്ട ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. . ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി എന്നിവര്‍ ബിജെപി നേതാക്കളുമായി 12ന് യോഗം കൂടി ചര്‍ച്ച നടത്തണമെന്നും 14 നകം തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. രഥയാത്രയ്ക്ക് അനുമതി തേടി നേരത്തെ തന്നെ അപേക്ഷ നല്‍കിയിട്ടും സര്‍ക്കാര്‍ തീരുമാനമെടുക്കാതിരുന്നതിനെ കോടതി രൂക്ഷമായാണ് വിമര്‍ശിച്ചത്. സര്‍ക്കാരിന്റെ തീരുമാനം അമ്പരിപ്പിക്കുന്നതാണെന്ന് കോടതി പറഞ്ഞു.
ഇന്നലെയും 9, 14 തീയതികളിലുമായി 3 രഥയാത്രകള്‍ നടത്താനായിരുന്നു ബിജെപിയുടെ പദ്ധതി. ഒക്ടോബറില്‍ തന്നെ ഇതിന് അപേക്ഷ നല്‍കിയിരുന്നു. വര്‍ഗീയ സംഘര്‍ഷം ഉണ്ടാകുമെന്ന കാരണത്താല്‍ ഇന്നലെ നടത്താനിരുന്ന രഥയാത്രയ്ക്ക് പൊലീസ് അവസാന നിമിഷം അനുമതി നിഷേധിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ബിജെപി കോടതിയെ സമീപിച്ചെങ്കിലും രഥയാത്ര നടത്താന്‍ സിംഗിള്‍ബെഞ്ച് അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് ഡിവിഷന് ബെഞ്ചില്‍ നല്കിയ അപ്പീലിലാണ് സര്‍ക്കാരിനെ ഹൈക്കോടതി നിശിതമായി വിമര്‍ശിച്ചത്. സിംഗിള്‍ ബെഞ്ച് വിലക്ക് കല്പിച്ച് ഉത്തരവിനെതിരെയും കോടതി പരാമര്‍ശമുന്നയിച്ചു.
രഥയാത്രകള്‍ റദ്ദാക്കിയിട്ടില്ലെന്നും മാറ്റിവയ്ക്കുകയാണെന്നും കോടതിയുടെ അനുമതിയോടു കൂടി അവ നടത്തുമെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കി. ഇന്നു ബംഗാളിലെത്തുമെന്നും 23 തവണ താന്‍ ബംഗാളില്‍ മുന്‍പ് വന്നിട്ടുണ്ടെന്നും അപ്പോഴൊന്നും വര്‍ഗീയ ലഹള ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി മമത ബാനര്‍ജി ജനാധിപത്യം അട്ടിമറിക്കുകയാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി.
Discussion about this post