ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് ദര്‍ശനം നടത്താനായി തമിഴ്നാട്ടില്‍ നിന്നുള്ള യുവതികളുടെ സംഘം ഇന്ന് തമിഴ്നാട്ടില്‍ നിന്നും യാത്ര തിരിക്കും. അറുപതോളം പേരടങ്ങുന്ന സംഘം നാളെ കേരളത്തിലെ കോട്ടയത്തെത്തുന്നതായിരിക്കും. ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ത്രീശാക്തീകരണ സംഘടനയായ ‘മനിതി’യുടെ പ്രവര്‍ത്തകരാണ് ആചാരങ്ങള്‍ ലംഘിക്കാനായെത്തുന്നത്.
വനിതകളുടെ നീക്കത്തെത്തുടര്‍ന്ന് ശബരിമലയില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇവര്‍ ശബരിമലയിലെത്തുന്നത് മൂലം പ്രദേശത്ത് സംഘര്‍ഷ സാധ്യതയുണ്ടാകുമെന്ന് സംസ്ഥാന രഹസ്യാന്വേഷണ വകുപ്പ് സൂചന നല്‍കിയിട്ടുണ്ട്.
ചെന്നൈയില്‍ നിന്നും 12 വനിതകള്‍, മധുരയില്‍ നിന്നും രണ്ട് വനിതകള്‍, മധ്യപ്രദേശില്‍ നിന്നും അഞ്ച് വനിതകള്‍, ഒഡീഷയില്‍ നിന്നും അഞ്ച് വനിതകള്‍, കേരളത്തില്‍ നിന്നും 25 വനിതകള്‍ ഈ സംഘത്തിലുണ്ടാകുന്നതായിരിക്കും. ‘മനിതി’യുടെ കോ-ഓര്‍ഡിനേറ്റര്‍ സെല്‍വിയാണ് ഇക്കാര്യം പുറത്ത് വിട്ടത്.
അതേസമയം സംഘത്തിന്റെ യാത്രയെപ്പറ്റി മാധ്യമങ്ങളിലൂടെ അറിഞ്ഞതിലപ്പുറം ഒരു വിവരവും ലഭിച്ചിട്ടില്ലായെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി എസ്.ഹരിശങ്കര്‍ വ്യക്തമാക്കി. സംഘം എവിടെ നിന്നാണ് യാത്ര തുടങ്ങുക, എപ്പോഴാണ് യാത്ര തുടങ്ങുക എന്ന വിവരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല. സംഘത്തില്‍ ട്രാന്‍സ്ജെന്‍ഡറുകളും ഉണ്ടാകുമെന്നാണ് കിട്ടുന്ന വിവരം. ഇവര്‍ക്ക് പിന്തുണയുമായി കേരളത്തിലെ ഒരു സംഘം പുരുഷന്മാരുമുണ്ട്.
ചെന്നൈയില്‍ നിന്നും തീവണ്ടി മാര്‍ഗത്തിന് പുറമെ ബസ് മാര്‍ഗവും കോട്ടയത്തേക്കെത്താന് പദ്ധതിയുണ്ടെന്ന് സംഘത്തിലെ അംഗമായ വയനാട് സ്വദേശിന് അമ്മിണി പറഞ്ഞു. ആദിവാസി വനിതാ പ്രസ്ഥാനത്തിന്റെ സംസ്ഥാന പ്രസിഡന്റാണ് അമ്മിണി.
സുരക്ഷ ഒരുക്കണമെന്ന് പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് സംഘം ഇ-മെയില്‍ അയച്ചിരുന്നു. ഉചിതമായ നടപടിയെടുക്കാമെന്നും പോലീസിന് വേണ്ട നിര്‍ദ്ദേശം നല്‍കാമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് നല്കിയ മറുപടി.
മാവോയിസ്റ്റ് ബന്ധമുള്ളവരും സംഘത്തിലുണ്ടെന്നാണ് പോലിസിന് ലഭിച്ച വിവരം. ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ ലക്ഷ്യമിട്ടാണ് ഇടത് അനുകൂല സംഘടനകളുടെ പിന്തുണയോടെ വനിതകള്‍ എത്തുന്നതെന്ന ആരോപണമാണ് ശബരിമല വിശ്വാസികള്‍ പറയുന്നത്. മനീതി സംഘടനയുടെ വരവിനൊപ്പം മറ്റ് ചില യുവതികളും നാളെ ശബരിമലയിലെത്തിയേക്കുമെന്ന സൂചനയും പോലിസിനുണ്ട്. ആചാരലംഘനത്തിന് സമ്മതിക്കില്ലെന്ന കടുത്ത നിലപാടിലാണ് വിശ്വാസികള്‍.
. ചെന്നൈ, മധുര, കര്‍ണാടക,ഒഡീഷ,എന്നിവിടങ്ങളില്‍ നിന്നുള്ള യുവതികളാണ് എത്തുന്നതെന്ന് ആണ് മനീതി സംഘടന പറയുന്നത്.
ഇന്നലെ ആന്ധ്രയില്‍ നിന്നും യുവതി ശബരിമല ദര്‍ശനത്തിന് എത്തുന്നെന്ന വാര്‍ത്ത നാടകീയ രംഗങ്ങള്‍ക്ക് ഇടയാക്കി. പമ്പ ഗണപതി ക്ഷേത്രത്തില്‍ പോകാനാണ് വന്നതെന്നും ശബരിമലയില്‍ പോകില്ലെന്നും സ്ത്രീയുടെ ഭര്‍ത്താവ് പോലീസിന് ഉറപ്പു നല്കി. യുവതി പമ്പയില്‍ തങ്ങുകയും കൂടെയുള്ളവര്‍ മലകയറുകയും ചെയ്തതോടെയാണ് പോലീസിന് ആശ്വാസമായത്.
ഇന്നലെ വൈകുന്നേരത്തോടെയാണ് 22 അംഗ തീര്ത്ഥടകര്ക്കൊപ്പം ആന്ധ്രാ സ്വദേശിനിയായ 43 കാരി വിജയലക്ഷ്മി കോട്ടയം റെയില്‍വേ സ്റ്റേഷനിലെത്തിയത്.കറുപ്പുവസ്ത്രങ്ങളും കഴുത്തില്‍ മാലയും ധരിച്ച ഇവരുടെ ഫോട്ടോ വളരെ വേഗമാണ് സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിച്ചത്. ഇതോടെ ശബരിമല ദര്‍ശനത്തിന് യുവതിയെത്തുന്നുവെന്ന വാര്‍ത്തയും പുറത്തുവന്നു. കോട്ടയത്തുനിന്നും ടെന്പോ ട്രാവലറില്‍ എരുമേലിയിലെത്തിയ തീര്‍ത്ഥാടകസംഘത്തെ ഏതാനും ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകര്‍ തടഞ്ഞു.തുടര്‍ന്ന് പോലീസ് ഇടപെട്ട് ചര്‍ച്ച നടത്തി. പമ്പ വരെ മാത്രമേ പോവുകയുള്ളൂവെന്നും ഇതിനുള്ള അവസരം ഒരുക്കണമെന്നും വിജയലക്ഷ്മി യുടെ ഭര്‍ത്താവ് ശ്രീനിവാസ റെഡ്ഡി പോലീസിനോട് ആവശ്യപ്പെടുകയായിരുന്നു.
Discussion about this post