ബഹിരാകാശത്ത് ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്ന കുതിപ്പ് വരുന്ന വര്‍ഷവും തുടരാനാണ് ഐ.എസ്.ആര്.ഓയുടെ പദ്ധതി. 2018ല്‍ നടത്തിയ ബഹിരാകാശ ദൗത്യങ്ങളെക്കാള്‍ ഏകദേശം രണ്ടിരട്ടി ദൗത്യങ്ങള്‍ 2019ല്‍ ഐ.എസ്.ആര്.ഒ നടത്തുന്നതായിരിക്കും. 2018ല്‍ 17 ദൗത്യങ്ങളായിരുന്നു ഇന്ത്യ നടത്തിയത്. 2019 ഈ സംഖ്യ 32 ആയി ഉയര്‍ത്താനാണ് ഐ.എസ്.ആര്.ഒയുടെ ലക്ഷ്യം.
2019ലെ ഏറ്റവും സങ്കീര്‍ണ്ണമായ ദൗത്യം ചാന്ദ്രയാന്‍-2 ആയിരിക്കും. ചാന്ദ്രയാന്‍-1ന് ശേഷം നടത്തുന്ന ഈ ചന്ദ്ര ദൗത്യം ജനുവരിയില്‍ നടത്താനാണ് പദ്ധതി. 800 കോടി രൂപയാണ് ചാന്ദ്രയാന്‍-2 ദൗത്യത്തിന്റെ ചിലവ്. രണ്ട് ഉപഗ്രഹങ്ങളടങ്ങുന്ന ഐ.ഡി.ആര്.എസ്.എസ് ആണ് 2019ലെ മറ്റൊരു പ്രധാന ദൗത്യം. ഈ രണ്ട് ഉപഗ്രഹങ്ങളും 2022ല്‍ ഇന്ത്യ നടത്താനിരിക്കുന്ന മനുഷ്യ ദൗത്യത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നതായിരിക്കും.
ഇത് കൂടാതെ ചില വിക്ഷേപണ വാഹനങ്ങളുടെ വിക്ഷേപണവും 2019ല്‍ നടത്തുന്നതായിരിക്കും. ഇതില്‍ 500 മുതല്‍ 700 കിലോഗ്രാം വരെ ഭാരം ചുമക്കാന്‍ സാധിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ ചെറിയ റോക്കറ്റിന്റെ വിക്ഷേപണവും നടക്കുന്നതായിരിക്കും. ജി.എസ്.എല്‍.വി സീരീസിലെ ജി.എസ്.എല്‍.വി എം.കെ 3യുടെ പരീക്ഷണ പറക്കലും 2019ല്‍ നടത്തുന്നതായിരിക്കും.
2018ല്‍ അവസാനമായി വിക്ഷേപിച്ച ഉപഗ്രഹം ജിസാറ്റ്-7എ ആയിരുന്നു. ഇത് കൂടാതെ ജിസാറ്റ്-6എ, ജിസാറ്റ്-29 എന്നീ വാര്‍ത്താ വിനിമയ ഉപഗ്രഹങ്ങളും എട്ട് നാവിഗേഷന്‍ ഉപഗ്രഹങ്ങളും ഇന്ത്യ വിക്ഷേപിച്ചിരുന്നു.
അതേസമയം 2018ല്‍ ഉപഗ്രഹങ്ങളുടെ നിര്‍മ്മാണത്തില്‍ സ്വകാര്യ കമ്പനികളും പങ്ക് വഹിക്കുന്നതിനെപ്പറ്റിയുള്ള ചില നിര്‍ണ്ണായക തീരുമാനങ്ങളും ഐ.എസ്.ആര്.ഓ എടുത്തു. ആല്‍ഫാ ഡിസൈന്‍ ടെക്നോളജീസ്, ഭാരത് ഇലക്ട്രോണിക്സ്, ടാറ്റാ അഡ്വാന്‍സ്ഡ് സിസ്റ്റംസ് എന്നീ സ്വകാര്യ കമ്പനികള്‍ വിക്ഷേപിക്കാനിരിക്കുന്ന ചില ഉപഗ്രഹങ്ങളുടെ നിര്‍മ്മാണത്തില്‍ പങ്കാളികളാകുന്നതായിരിക്കും.
Discussion about this post