കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് വിഷയം ശബരിമല വിഷയമായിരിക്കുമെന്ന സിപിഎം പേടിയും, ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യാന്‍ പാടില്ലെന്ന സംസ്ഥാന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ ഉത്തരവും തമ്മില്‍ ബന്ധമുണ്ടോ എന്ന ചര്‍ച്ചകള്‍ നടക്കുകയാണ്. ശബരിമലയിലെ സര്‍ക്കാര്‍ നിലപാട് എന്തായാലും തെരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്. ടിക്കാറാം മൂണ വിചാരിച്ചാലൊന്നും ശബരിമല വിഷയം ചര്‍ച്ചയാക്കാതിരിക്കാന്‍ കഴിയില്ലെന്നാണ് വിലയിരുത്തല്‍. ഒരു പ്രത്യേക ആരാധനലായത്തിന്റെ പേരെടുത്ത് പറഞ്ഞ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് നടത്തിയ പ്രസ്താവന വിവാദമായിട്ടുണ്ട്. ഇന്ത്യയില്‍ ഒരിടത്തും ഇത്തരം സംഭവം ഉണ്ടായിട്ടില്ലെന്നാണ് ബിജെപിയും, കോണ്‍ഗ്രസും പറയുന്നു. ബാബറി മസ്ജിദിന്റെ ഫോട്ടോ വച്ച് പ്രചരണം നടത്തിയവരൊക്കെ ഇപ്പോള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ വാക്കുകള്‍ സ്വാഗതം ചെയ്യുന്നതിന് പിന്നില്‍ ശബരിമല വിഷയം ചര്‍ച്ചയാകുമെന്ന പേടിതന്നെയാണ് എന്ന് ബിജെപി നേതാക്കള്‍ പറയുന്നു.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് സ്ഥാനത്ത് നിന്ന് ടിക്കാറാം മീണയെ മാറ്റണമെന്ന് ബിജെപി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മതനിന്ദയോ മത വിദ്വേഷമോ ഉണ്ടായാല്‍ നടപടിയെടുക്കാന്‍ തെരഞ്ഞെടു്പപ് ഉദ്യോഗസ്ഥന് അവകാശമുണ്ട്, എന്നാല്‍ ശബരിമല ക്ഷേത്രം പരാമര്‍ശിക്കരുത് എന്നൊന്നും പറയാന്‍ അധികാരമില്ലെന്ന് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.
സിപിഎമ്മിന് അനുകൂലമായി ടിക്കാറാം മീണ നിലപാടെടുക്കുന്നുവെന്നാണ് പ്രതിപക്ഷ കക്ഷികളുടെ ആരോപണം. ശബരിമലയിലെ മുന്‍ വിഷയങ്ങള്‍ക്ക് പിറകെ ഇപ്പോഴത്തെ ഉത്തരവും സിപിഎമ്മിന് തിരിച്ചടിയായി എന്നാണ് വിലയിരുത്തല്‍.
ശബരിമലയും ചര്‍ച്ച് ബില്ലും കൊലപാതക രാഷ്ട്രീയവും ചര്‍ച്ചയാകുന്നതിനെ സിപിഎമ്മും ഇടത് മു്ന്നണിയും പേടിക്കുന്നുണ്ടെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഇവ തെരഞ്ഞെടുപ്പ് അജണ്ടയാകാതിരിക്കാനുള്ള ശ്രമത്തിലാണ് സി.പി.എം. പാളംതെറ്റുമോയെന്ന ആശങ്കയും എല്‍.ഡി.എഫിനുണ്ട്.
ശബരിമലയെച്ചൊല്ലി വോട്ടുപിടിത്തം വേണ്ടെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ നിര്‍ദേശം ബി.ജെ.പിയും കോണ്‍ഗ്രസും തള്ളിയതോടെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍, സുപ്രീംകോടതിവിധി സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി പ്രധാന പ്രചാരണായുധം ആവുമെന്ന് ഉറപ്പായി.
പി ജയരാജനെ വടകരയില്‍ സ്ഥാനാര്‍ത്ഥിയാക്കിയതോടെ സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമാകാം. ആര്‍എസ്എസ്-കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം സംബന്ധിച്ച് സിപിഎമ്മിന് വോട്ടര്‍മാരോട് മറിപടി പറയേണ്ടി വരും. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വടകര ജില്ലകളിലാവും ഇത് ഏറ്റവുമധികം പ്രതിഫലിക്കുക. എം.എസ്.എഫ് പ്രവര്ത്തകന് അരിയില്‍ ഷുക്കൂര്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ്, എന്‍.ഡി.എഫ് പ്രവര്ത്തകന് ഫസല്‍ വധക്കേസുകള്‍ കോണ്‍ഗ്രസ് ഉയര്‍ത്തുന്നതോടെ സി.പി.എം രാഷ്ട്രീയ വിചാരണക്ക് വിധേയമാവേണ്ടിവരും. ഷുക്കൂര്‍ വധക്കേസില്‍ കണ്ണൂര്‍ മുന്‍ ജില്ല സെക്രട്ടറി പി. ജയരാജനും ടി.വി. രാജേഷ് എം.എല്‍.എയും സി.ബി.ഐ അന്വേഷണത്തില്‍ പ്രതിപ്പട്ടികയിലായി. ഫസല്‍ കേസില്‍ കണ്ണൂര്‍ ജില്ല സെക്രട്ടേറിയറ്റ് അംഗം കാരായി രാജന്, ഏരിയ കമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരന് എന്നിവര്‍ പ്രതികളാണ്.
ചര്‍ച്ച് ബില്ലില്‍ മുന്നോട്ടുപോക്കില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴും പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, ചാലക്കുടി, ഇടുക്കി മണ്ഡലങ്ങളില്‍ ക്രൈസ്തവ സമുദായത്തിന്റെ എതിര്‍പ്പ് പ്രതീക്ഷക്ക് തിരിച്ചടിയാവുമോയെന്ന ആശങ്കയുമുണ്ട്. ഇന്ന് ഹൈന്ദവ ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന സി.പി.എം നാളെ മറ്റു സമുദായങ്ങളുടെ ആരാധനാലയം നിയന്ത്രിക്കാന്‍ ശ്രമിക്കുമെന്ന വാദം എതിരാളികള്‍ ശക്തമായി ഉയര്‍ത്തുന്നുണ്ട്.
വീണാ ജോര്‍ജിന്റെയും ജോയ്സ് ജോര്‍ജിന്റെയും ഇന്നസന്റെിന്റെയും രാജാജി മാത്യു തോമസിന്റെയും സ്ഥാനാര്‍ഥിത്വം ചൂണ്ടിക്കാട്ടി ഇതിനെ മറി കടക്കുക എളുപ്പമല്ല. സിപിഎമ്മിന്റെ ന്യൂനപക്ഷ പ്രീണനം ബിജെപി ഉയര്‍ത്തുന്നുണ്ട്. ശബരിമല വിധി നടപ്പാക്കാന്‍ ആവേശം കാണിക്കുന്ന സര്‍ക്കാര്‍ പിറവം പള്ളിക്കേസിലെ സുപ്രിം കോടതി വിധി നടപ്പാക്കാന്‍ വിമുഖത കാണിച്ചത് വിവാദമായിരുന്നു. ചര്‍ച്ച ആക്ട് നടപ്പാക്കില്ലെന്ന് പിണറായി വിജയന് ഉറപ്പ് നല്കിയതും, സിപിഎം സ്ഥാനാര്‍ത്ഥികളുടെയും അരമന കയറ്റവും ബിജെപി മുന്നോട്ട് വെക്കുന്നുണ്ട്. ന്യൂനപക്ഷങ്ങള്‍ക്ക് സിപിഎമ്മിനോടുള്ള അവിശ്വാസവും, ഭൂരിപക്ഷ സമുദായങ്ങള്‍ക്ക് ഉള്ള എതിര്‍പ്പും വലിയ തിരിച്ചടിയാകുമെന്ന ആശങ്ക സിപിഎമ്മിന് ഉണ്ട്. ഇതെല്ലാം കോണ്‍ഗ്രസിനേക്കാള്‍ കൂടുതലായി ബിജെപി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കുന്നുവെന്നതും സിപിഎമ്മിനെ അസ്വസ്ഥമാക്കുന്നുണ്ട്.
Discussion about this post