തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് സ്വീകരണ യോഗങ്ങളിലൂടെ ലഭിച്ചത് ഒരു ലക്ഷത്തില്‍ അധികം ഷാളുകളാണ്. ഈ ഷാളുകള്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ കുമ്മനം രാജശേഖരന് ഇവിടെ വ്യത്യസ്തനാവുകയാണ്. സ്വീകരണ യോഗങ്ങളില്‍ കിട്ടിയ ഷാളുകള്‍ കൊണ്ട് തുണി ബാഗുകള്‍ നിര്‍മ്മിക്കാനാണ് കുമ്മനം ലക്ഷ്യമിടുന്നത്.
ഇതിനായി സ്വയം സഹായ സംഘങ്ങളെയും ബിഎംഎസിന്റെ തയ്യല്‍ തൊഴിലാളികളെയും ചുമതലപ്പെടുത്തിക്കഴിഞ്ഞു. കിട്ടിയ ഷാളുകള്‍ ഉടന്‍ ഇവര്‍ക്ക് കൈമാറുമെന്നും സൂചനകളുണ്ട്. വോട്ടെടുപ്പ് കഴിഞ്ഞയുടന്‍ ഷാളുകള്‍ ഇവര്‍ക്ക് കൈമാറുമെന്നും ബിജെപി നേതാക്കള്‍ അറിയിച്ചു.
ഈ തെരെഞ്ഞെടുപ്പ് കാലത്ത് ആയിരക്കണക്കിന് സ്വീകരണങ്ങളാണ് കുമ്മനത്തിന് ലഭിച്ചത്. അതില്‍ നിന്ന് ഏകദേശം ഒരു ലക്ഷത്തിലധികം ഷാളുകള്‍ ലഭിച്ചിട്ടുണ്ട്. ഇതുപയോഗിച്ച് പതിനായിരക്കണക്കിന് ബാഗുകള്‍ നിര്‍മ്മിക്കാനാണ് ലക്ഷ്യം വെയ്ക്കുന്നത്. പരിസ്ഥിതി സൗഹൃദ സംസ്കാരം വോട്ടര്‍മാര്‍ക്ക് പകര്‍ന്നു നല്‍കുകയാണ് തുണി സഞ്ചി നിര്‍മ്മാണം കൊണ്ട് ലക്ഷ്യമിടുന്നതെന്നും അതുവഴി പ്ലാസ്റ്റിക് ബാഗിന്റെ ഉപയോഗം കുറയ്ക്കാന്‍ സാധിക്കുമെന്ന കണക്ക്ക്കൂട്ടലുണ്ടെന്നും കുമ്മനം പറഞ്ഞു.
സഞ്ചി നിര്‍മ്മിക്കാന്‍ സാധിക്കാത്ത തുണി, തോര്‍ത്ത് എന്നിവ അനാഥാലയങ്ങള്‍ക്ക് പതിവ് പോലെ സംഭാവന ചെയ്യുമെന്നും ബിജെപി നേതാക്കള്‍ അറിയിച്ചു.
പരിസ്ഥിതി സൗഹൃദ തെരെഞ്ഞെടുപ്പ് എന്ന കമ്മീഷന്റെ നിര്‍ദ്ദേശം പൂര്‍ണ്ണമായി പാലിച്ചായിരുന്നു തന്റെ തെരെഞ്ഞെടുപ്പ് പ്രചാരണമെന്നും ഇതിന്റെ ക്രിയാത്മകമായ പരിസമാപ്തിയാണ് ബാഗ് നിര്‍മ്മാണമെന്നും അദ്ദേഹം വ്യക്തമാക്കി
14 ദിവസം നീണ്ടു നിന്ന പ്രചാരണത്തില്‍ മണ്ഡലത്തിന്റെ മുക്കിലും മൂലയിലും കടന്നു ചെന്ന് ജനങ്ങളോട് സംവദിക്കാനും അവരുടെ പ്രതികരണം മനസിലാക്കാനും കഴിഞ്ഞതായും കുമ്മനം കൂട്ടിച്ചേര്‍ത്തു.
Discussion about this post