കേരള കോണ്‍ഗ്രസ് (എം)ന്റെ ചെയര്‍മാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്തു. തര്‍ക്കങ്ങള്‍ക്കിടെ കെ.മാണി വിഭാഗം കോട്ടയം സിഎസ് ഐ റിട്രീറ്റ് സെന്ററില്‍ വിളിച്ചു ചേര്‍ത്ത സംസ്ഥാനസമിതിയിലാണ് തീരുമാനം.
ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ സംസ്ഥാന സമിതി വിളിക്കണമെന്ന ജോസ് കെ മാണിയുടെ ആവശ്യം പാര്‍ട്ടി വര്‍ക്കിങ് ചെയര്മാന് പി ജെ ജോസഫ് അംഗീകരിച്ചിരുന്നില്ല. തുടര്‍ന്നായിരുന്നു ബദല്‍ സംസ്ഥാന സമിതി യോഗം വിളിച്ച് ചേര്‍ക്കുകയും ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുക്കുകയും ചെയ്തത്.
അതേസമയം പാര്‍ട്ടിയുടെ അഞ്ച് എംഎല്‍എമാരില്‍ മൂന്നുപേരും പി ജെ ജോസഫിന് ഒപ്പമാണ്. റോഷി അഗസ്റ്റിനും എന്‍ ജയരാജനും മാത്രമാണ് ജോസ് കെ മാണിക്ക് ഒപ്പം നില്‍ക്കുന്നത്. സംഘടന സെക്രട്ടറി സി എഫ് തോമസ് തന്റെ ഒപ്പം നില്‍ക്കുന്നത് കൊണ്ട് ഔദ്യോഗികമായി പാര്‍ട്ടി തന്റെ ഒപ്പമാണെന്നാണ് പി ജെ ജോസഫ് അവകാശപ്പെടുന്നത്. അതേസമയം താന്‍ കേരള കോണ്‍ഗ്രസ് എമ്മിന് ഒപ്പമാണെന്ന് സി എഫ് തോമസ് പറഞ്ഞു. ഇന്നലെയും ഇന്നും കേരള കോണ്‍ഗ്രസ് എമ്മിന് ഒപ്പമാണ്. നാളെയും ഇതിനൊടൊപ്പമായിരിക്കുമെന്നും സി എഫ് തോമസ് പറയുന്നു.
കെഎം മാണി അന്തരിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടിയുടെ ചെയര്മാന് സ്ഥാനത്തുണ്ടായ ഒഴിവ് നികത്താന്‍ സംസ്ഥാന കമ്മറ്റി ചേര്‍ന്ന് പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കണമെന്നാണ് ജോസ് കെ മാണി പക്ഷത്തിന്റെ ആവശ്യം. എന്നാല്‍ ഈ ആവശ്യം പിജെ ജോസഫ് പക്ഷം തള്ളുകയായിരുന്നു. വര്‍ക്കിങ് ചെയര്മാന്, ചെയര്മാന് സ്ഥാനത്തേക്ക് എത്തുമെന്ന നിലപാടാണ് ജോസഫ് പക്ഷം സ്വീകരിച്ചു പോന്നത്. ഇത് ഇരുപക്ഷങ്ങളും തമ്മിലുള്ള അധികാര വടംവലിയിലേക്ക് നീങ്ങുകയായിരുന്നു.
വെള്ളിയാഴ്ച പി.ജെ ജോസഫിന്റെ നേതൃത്വത്തില്‍ ഉന്നതാധികാര സമിതി ചേര്‍ന്നതിനു പിന്നാലെയാണ് സംസ്ഥാന കമ്മിറ്റി വിളിക്കാന്‍ ജോസ് കെ. മാണി വിഭാഗം തീരുമാനിച്ചത്. ഇതിനു പിന്നാലെയാണ് ഇന്ന് സംസ്ഥാന സമിതി യോഗം ചേര്‍ന്നതും ജോസ് കെ. മാണിയെ ചയര്‍മാനായി പ്രഖ്യാപിച്ചതും
Discussion about this post