ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ ബിജെപി പ്രവര്‍ത്തകനായ ഗ്രാമമുഖ്യന് വെടിയേറ്റു. ചിബ്രാഹ ഗ്രാമത്തലവനായ അശോക് കുമാര്‍ സിങ് (45) നാണ് ബുധനാഴ്ച രാത്രി വെടിയേറ്റത്. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
അമേത്തിയിലെ എം.പിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിക്കുവേണ്ടി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തിയ മുന്‍ ഗ്രാമത്തലവന് സുരേന്ദ്രസിങ് ഒരുമാസം മുമ്പ് വെടിയേറ്റു മരിച്ചിരുന്നു. പിന്നാലെയാണ് മറ്റൊരു ബിജെപി പ്രവര്‍ത്തകനുകൂടി വെടിയേറ്റിട്ടുള്ളത്.
ബുധനാഴ്ച രാത്രി സ്വന്തം ഇഷ്ടികക്കളത്തില്നിന്ന് വീട്ടിലേക്ക് മടങ്ങവെയാണ് വെടിവെപ്പുണ്ടായത്. റോഡില്‍ ട്രാക്ടര്‍ ട്രോളി നിര്ത്തിയിരിക്കുന്നതുകണ്ട് വാഹനത്തിന്റെ വേഗം കുറച്ചതോടെ പ്രദേശത്ത് പതിയിരുന്ന അക്രമികള്‍ അദ്ദേഹത്തിനുനേരെ വെടിവെക്കുകയായിരുന്നു.
നാലു തവണ അക്രമികള്‍ വെടിവച്ചുവെങ്കിലും രണ്ട് വെടിയുണ്ടകള്‍ മാത്രമാണ് അദ്ദേഹത്തിന്റെ ശരീരത്തില്‍ പതിച്ചത്. അശോക് കുമാര്‍ സിങ് നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രദേശവാസികളായ രണ്ടു പേര്‍ക്കെതിരെ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്
Discussion about this post