ഇസ്ലാമാബാദ്: ബലാക്കോട്ടിലെ ഭീകരക്യാമ്പുകൾക്ക് നേരെ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിന്റെ ഞെട്ടലിൽ നിന്നും മുക്തമാകാതെ പാകിസ്ഥാൻ. ഏത് നേരത്തും ഇന്ത്യൻ ആക്രമണം ഭയന്ന് ജാഗരൂകമായിരിക്കുകയാണ് പാക് സേനയെന്ന് അന്താരാഷ്ട്ര വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. നിയന്ത്രണ രേഖയ്ക്ക് സമീപം ആയുധങ്ങൾ കൊണ്ടു പോകരുതെന്ന് പാക് അധീന കശ്മീരിലെ ഭീകരസംഘങ്ങൾക്ക് പാകിസ്ഥാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പാക് സൈനിക വേഷം ധരിച്ച് മാത്രമേ ക്യാമ്പിൽ നിന്ന് പുറത്ത് പോകാവൂവെന്നും ഭീകരർക്ക് പാകിസ്ഥൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
അതിർത്തിയിലെ വ്യോമ താവളങ്ങൾ പാകിസ്ഥാൻ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. ഇതിന് പുറമെ അതിർത്തി മേഖലയിൽ സായുധ സേനയെ വിന്യസിച്ച് ജാഗരൂകമായിരിക്കുകയാണ് പാകിസ്ഥാൻ.
പുതിയ പ്രതിരോധ നയത്തിന്റെ ഭാഗമായി തന്ത്രപ്രധാന മേഖലകളിൽ സായുധസജ്ജമായ സൈനിക വാഹനങ്ങൾ വിന്യസിക്കാനും പാകിസ്ഥാൻ പദ്ധതിയിടുന്നു. സൈനിക പോസ്റ്റുകൾക്ക് സമീപത്ത് നിന്ന് ഇന്ത്യ പോർവിമാനങ്ങളെ പിൻവലിക്കാതെ വ്യോമത്താവളങ്ങൾ തുറക്കുന്ന പ്രശ്നമില്ലെന്നാണ് ഇപ്പോഴും പാകിസ്ഥാൻ പറയുന്നത്.
തന്ത്രപ്രധാന മേഖലകളിൽ പാകിസ്ഥാൻ വ്യോമനിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. റഡാറുകളെടെയും ആളില്ലായുദ്ധവിമാനങ്ങളുടെയും ശേഷി വർദ്ധിപ്പിക്കാനും പാകിസ്ഥാൻ ശ്രമിക്കുന്നു. ഭാവിയിലെങ്കിലും കാര്യക്ഷമമായ ഒരു പ്രതിരോധ സംവിധാനം കെട്ടിപ്പടുക്കാൻ പാകിസ്ഥാൻ കിണഞ്ഞു പരിശ്രമിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ഫെബ്രുവരി 26 ന് പുലർച്ചെയായിരുന്നു ബലാക്കോട്ടിലെ ക്യാമ്പിന് നേരെ ഇന്ത്യൻ വ്യോമസേന വ്യോമാക്രമണം നടത്തിയത്. പുൽവാമയിൽ 40 സൈനികരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് മറുപടിയായിരുന്നു അതിർത്തി കടന്നുള്ള ഇന്ത്യയുടെ വ്യോമാക്രമണം. ബലാക്കോട്ടിലെ അത്യാഡംബര ക്യാമ്പായിരുന്നു ഇന്ത്യ തകർത്തത്.
Discussion about this post