ഹേഗ്: കുൽഭൂഷൺ യാദവിന് ഏകപക്ഷീയമയി വധശിക്ഷ വിധിച്ചതിലൂടെ പാകിസ്ഥാൻ വിയന്ന കരാറിന്റെ നഗ്നമായ ലംഘനമാണ് നടത്തിയിരിക്കുന്നതെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി. കുൽഭൂഷൺ യാദവിനും ഇന്ത്യയ്ക്കുമിടയിലെ ആശയവിനിമയത്തിന് തടസ്സം നിന്നതിലൂടെ അന്താരാഷ്ട്ര നിയമങ്ങൾക്ക് പാകിസ്ഥാൻ അപവാദമായെന്നും കോടതി നിരീക്ഷിച്ചു. പാകിസ്ഥാനിലെ സൈനിക കോടതി വിധിച്ച ശിക്ഷ അതു കൊണ്ട് തന്നെ പുന:പരിശോധനക്ക് വിധേയമാക്കണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി വ്യക്തമാക്കി.
കുൽഭൂഷൺ യാദവിന് നിയമസഹായം ലഭ്യമാക്കാൻ ഇന്ത്യയെ അനുവദിക്കണമെന്ന് പാകിസ്ഥാനോട് അന്താരാഷ്ട്ര നീതിന്യായ കോടതി അദ്ധ്യക്ഷൻ ജസ്റ്റിസ് അബ്ദുൾ ഖവി അഹമ്മദ് യൂസഫ് ശക്തമായി ആവശ്യപ്പെട്ടു. നിയമസഹായം എന്ന ജാദവിന്റെ ആവശ്യം ന്യായമാണെന്നും വിധി നീതിയുക്തമാണെന്നും ദക്ഷിണേഷ്യൻ അന്താരാഷ്ട്ര നിയമോപദേഷ്ടാവ് റിമ ഒമർ അഭിപ്രായപ്പെട്ടു. ജാദവിന്റെ വധശിക്ഷയും കേസിലെ നടപടികളും പുന:പരിശോധിക്കാനുള്ള കോടതിയുടെ തീരുമാനം മാനവികത ഉയർത്തിപ്പിടിക്കുന്നതാണെന്നും അവർ വ്യക്തമാക്കി.
പാകിസ്ഥാൻ വിയന്ന കരാർ ലംഘിച്ചിരിക്കുന്നതായി വാദിച്ചു കൊണ്ട് 2017 മെയ് മാസത്തിലാണ് ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്. കുൽഭൂഷൺ യാദവിന്റെ അവകാശങ്ങൾ ലംഘിച്ചതിനോടൊപ്പം നിയമസഹായവും നിഷേധിച്ചതായി ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു.
2016 മാർച്ചിലാണ് ബലൂചിസ്ഥാനിൽ വച്ച് കുൽഭൂഷൺ യാദവ് അറസ്റ്റിലായത്. ചാരവൃത്തി ആരോപിക്കപ്പെട്ട് പാകിസ്ഥാനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവിൽ കഴിയുന്ന കുൽഭൂഷൺ യാദവ് ഒരു വിമുക്ത ഇന്ത്യൻ നാവിക ഉദ്യോഗസ്ഥനാണ്.
Discussion about this post