റെയിൽവേ അടക്കമുള്ള മന്ത്രാലയങ്ങളിൽ നിർബന്ധിത വിരമിക്കൽ നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. 55 വയസ്സു പൂർത്തിയായവരും പ്രകടനം മോശമായവരുമായ ജീവനക്കാർക്കു നിർബന്ധിത വിരമിക്കൽ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ഓരോ മാസവും പട്ടിക സമർപ്പിക്കണമെന്നാണു സെക്രട്ടറിമാർക്ക് കേന്ദ്ര പെഴ്സനെൽ മന്ത്രലയത്തിന്റെ നിർദേശം. ജൂൺ 20-നു പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് ഈ മാസം മുതൽ റിപ്പോർട്ടുകൾ ശേഖരിച്ചു തുടങ്ങി.
മന്ത്രാലയങ്ങൾക്കു പുറമേ, പൊതുമേഖലാ സ്ഥാപനങ്ങളും ഇത്തരത്തിൽ റിപ്പോർട്ട് നൽകണമെന്നാണു നിർദേശം. മാനസിക-ശാരീരിക്ഷക്ഷമത, ഹാജർനില, കൃത്യനിഷ്ഠത തുടങ്ങിയ വിലയിരുത്തിയാവും നിർബന്ധിതവിരമിക്കൽ.
അടുത്തവർഷം ആദ്യപാദത്തിൽ 55 വയസ്സോ സർവീസിൽ മുപ്പതു വർഷമോ പൂർത്തിയാക്കിയവരുടെ പട്ടിക നൽകാനാണു നിർദേശം. മികച്ചതും മോശവുമായ പ്രകടനം നടത്തുന്നവരുടെ പട്ടിക സമർപ്പിക്കണം. പൊതുതാത്പര്യം കണക്കിലെടുത്തു ജീവനക്കാരുടെ മുൻകൂർ വിരമിക്കൽ സംബന്ധിച്ചു അഭിപ്രായസ്വരൂപണത്തിനുള്ള നടപടികളെടുക്കണം -ഉത്തരവിൽ പറയുന്നു.
പ്രകടനം മോശമായവർ ബാധ്യതയാണെന്ന വിലയിരുത്തലിലാണ് ആനുകൂല്യങ്ങൾ നൽകി നിർബന്ധിത വിരമിക്കൽ ഏർപ്പെടുത്താനുള്ള നീക്കം. 13 ലക്ഷം ജീവനക്കാരുള്ള റെയിൽവേയിൽ എണ്ണം പത്തുലക്ഷമാക്കി കുറയ്ക്കാനാണു സർക്കാർ നീക്കം.
Discussion about this post