2001ലെ പാർലമെന്റ് ആക്രമണം മുതൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പാകിസ്ഥാൻ നടത്തിയ ഇരുട്ടിന്റെ കളികൾക്കെല്ലാം ഒരുമിച്ച് മറുപടി കിട്ടുന്ന സാഹചര്യത്തിൽ നടുക്കടലിൽ ദിക്കറിയാതെ അകപെട്ട പൊളിഞ്ഞ കപ്പലിന്റെ അവസ്ഥയിലാണ് ഇന്ന് പാകിസ്ഥാൻ.
2001-02 കാലഘട്ടത്തിലെ അസ്വസ്ഥതകൾക്ക് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വെടിനിർത്തൽ കരാറിൽ ഒപ്പുവെച്ചുവെങ്കിലും കരാർ ലംഘനം പാകിസ്ഥാൻ നിരന്തരം ആവർത്തിച്ചു കൊണ്ടേയിരുന്നു. ജനറൽ പർവേസ് മുഷാറഫ് ഭരാണിധികാരിയായിരുന്ന കാലത്ത് ഇന്ത്യയിൽ വാജ്പേയ് സർക്കാരിന്റെ ശക്തമായ പ്രതിരോധം നിലനിന്നിരുന്നതിനാൽ അധികമൊന്നും പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ആദ്യകാലത്ത് പാകിസ്ഥാന് കഴിഞ്ഞിരുന്നില്ല. എന്നാൽ 2004ൽ ഇന്ത്യയിലെ ഭരണമാറ്റം പാകിസ്ഥാൻ ഭംഗിയായി മുതലെടുത്തു. അതിർത്തിയിലെ നുഴഞ്ഞു കയറ്റം ഒഴിവാക്കുമെന്നും പാകിസ്ഥാൻ അതിർത്തിക്കുള്ളിലെ മേഖലകൾ ഭീകരവാദ പ്രവർത്തനങ്ങൾക്ക് വിട്ടു കൊടുക്കില്ലെന്നുമുള്ള വാജ്പേയ് സർക്കാരിന്റെ കാലത്തെ നിബന്ധനകൾ പാകിസ്ഥാൻ മന്മോഹൻ സിംഗിന്റെ ഭരണ കാലത്ത് പതിയെ ലംഘിക്കാൻ തുടങ്ങി.
ഇന്ത്യൻ സർക്കാരിന്റെ ഭാഗത്ത് നിന്നുമുള്ള തണുത്ത പ്രതികരണങ്ങൾ പാകിസ്ഥാന്റെ നീചമായ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടി. 2008ലെ മുംബൈ ഭീകരാക്രമണം പാകിസ്ഥാന്റെ ഭാഗത്ത് നിന്നുമുള്ള കുടിലതയുടെ ഏറ്റവും നീചമായ പ്രകടനമായിരുന്നു. എന്നിട്ടും സൈനിക ശേഷി ഉപയോഗിക്കാതിരുന്ന ഇന്ത്യയുടെ നിലപാട് പാകിസ്ഥാൻ പരസ്യമായി പരിഹസിച്ചു. നയതന്ത്ര ചർച്ചകൾ നിർത്തിവെക്കാനുള്ള തീരുമാനത്തിനപ്പുറം ഇന്ത്യയുടെ ഭാഗത്ത് നിന്നും ഒരു നീക്കവും ഉണ്ടാകാതിരുന്നത് പാകിസ്ഥാനെ ശരിക്കും അദ്ഭുതപ്പെടുത്തുകയും കൂടുതൽ കടന്നാക്രമണങ്ങൾക്ക് പ്രചോദനം നൽകുകയും ചെയ്തു.
മുൻ കാലങ്ങളിലെ ഈ അനുഭവം മാതൃകയാക്കി 2016ൽ പാകിസ്ഥാൻ ഉറി ഭീകരാക്രമണത്തിന് മുതിർന്നു. എന്നാൽ അവിടെ പാകിസ്ഥാന് പിഴച്ചു. പാകിസ്ഥാൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത തരത്തിൽ ആദ്യ മിന്നലാക്രമണത്തിലൂടെ റാവല്പിണ്ടിയിലെ ഭീകരന്മാരുടെ എല്ലാ പ്രതീക്ഷകളും ഇന്ത്യ തകർത്തു. മിന്നലാക്രമണ വാർത്ത പാകിസ്ഥാനും ഇന്ത്യയിലെ പ്രധാന പ്രതിപക്ഷ കഷികളും ഇടത് മാദ്ധ്യമങ്ങളും ആദ്യം നിഷേധിച്ചു. എന്നാൽ പ്രാദേശിക വിവരങ്ങളും പൊലീസിന്റെ ശബ്ദരേഖകളും വ്യക്തമാക്കിയത് നൂറു കണക്കിന് ജിഹാദികൾ പരലോകം പൂകിയെന്നായിരുന്നു.
പിന്നീട് 2019ൽ പാകിസ്ഥാൻ വീണ്ടും ഇന്ത്യയുടെ ക്ഷമ പരിശോധിച്ചു. പുൽവാമ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ ബലക്കോട്ട് വ്യോമാക്രമണത്തിലൂടെ തകർത്തത് ജെയ്ഷെ മുഹമ്മദിന്റെ ഭീകര പരിശീലന കേന്ദ്രം. അവിടെ ചാരമായത് ഭീകരവാദത്തിന്റെ വിഷം മനസ്സിലും ശരീരത്തിലും പേറിയ മുന്നൂറിൽ പരം ഭീകരവാദികൾ. പതിവു പോലെ ആ വാർത്തയും പാകിസ്ഥാൻ നിഷേധിച്ചു. എന്നാൽ അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ സഹിതം സംഭവത്തിന്റെ ആധികാരികത സ്ഥിരീകരിച്ചപ്പോൾ പാകിസ്ഥാനും ഇന്ത്യയിലെ പ്രതിപക്ഷവും മാദ്ധ്യമങ്ങളും അർദ്ധ മനസ്സോടെ സത്യം അംഗീകരിച്ചു.
ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയ ഇന്ത്യൻ തീരുമാനത്തെ ഇസ്ലാമിക രാഷ്ട്രങ്ങൾ സഹിതം ശ്ലാഘിച്ചപ്പോൾ ‘ഇതേത് കാലം‘ എന്ന് തിരിയാതെ നിൽക്കുകയാണ് പാകിസ്ഥാൻ. ആദ്യം ആണവായുധം ഉപയോഗിക്കില്ലെന്ന നയം മാറ്റിയേക്കാമെന്ന ഇന്ത്യയുടെ പ്രസ്താവനയും നാൾക്കുനാൾ സമൃദ്ധമാകുന്ന ഇന്ത്യൻ ആയുധ സംഭരണ ശാലകളും ഇസ്രായേലും അമേരിക്കയുമടക്കമുള്ള ലോകരാഷ്ട്രങ്ങളുമായുള്ള സുഭദ്രമായ നയതന്ത്ര ബന്ധവും ഇന്ത്യയെ ലോകത്തിന്റെ നെറുകയിൽ പ്രതിഷ്ഠിക്കുമ്പോൾ പാകിസ്ഥാൻ തിരിച്ചറിഞ്ഞേ മതിയാകൂ; കാലം മാറിയിരിക്കുന്നു, ഒപ്പം ഇന്ത്യയും.
ഇത് പുതിയ ഇന്ത്യയാണെന്ന തിരിച്ചറിവ് ഇനിയെങ്കിലും ഉണ്ടായില്ലെങ്കിൽ തിരിച്ചടികൾ ഇനിയും ധാരാളം നേരിടാൻ പാകിസ്ഥാൻ തയ്യാറാകേണ്ടി വരും. നരേന്ദ്ര മോദിയെന്ന പ്രധാനമന്ത്രിയും അമിത് ഷായെന്ന ആഭ്യന്തര മന്ത്രിയും രാജ്നാഥ് സിംഗ് എന്ന രാജ്യരക്ഷാ മന്ത്രിയും നയിക്കുന്ന പുതിയ ഇന്ത്യ പാകിസ്ഥാനെ ഇനിയും പല പുതിയ പാഠങ്ങളും പഠിപ്പിക്കും. സർവ്വസജ്ജമായി പ്രഹരശേഷി വർദ്ധിപ്പിച്ച് കാത്തിരിക്കുന്ന ഇന്ത്യൻ സൈന്യത്തെ ഇനിയും ശരിയായി മനസ്സിലാക്കുന്നതിൽ പാകിസ്ഥാൻ പരാജയപ്പെട്ടാൽ ബിലാവൽ ഭൂട്ടോ പറഞ്ഞത് പോലെ പാക് അധീന കശ്മീരും ഇന്ത്യയുടെ കൈയ്യിലിരിക്കും. അതിനപ്പുറം ഇസ്ലാമാബാദ് സംരക്ഷിക്കാൻ പാകിസ്ഥാന് പുതിയ നയങ്ങൾ സ്വീകരിക്കേണ്ടി വരും.
Discussion about this post