കൊച്ചി: ഹണി റോസ് ഉൾപ്പെടെയുള്ള സിനിമാ താരങ്ങളെ ഇനിയും ഉദ്ഘാടനങ്ങൾക്കായി ക്ഷണിക്കുമെന്ന് ബോബി ചെമ്മണ്ണൂർ. താൻ എല്ലാ കാലത്തും ഉദ്ദേശിച്ചത് മാർക്കറ്റിംഗ് മാത്രമാണെന്നും ബോബി പറയുന്നു. സിനിമ താരങ്ങളോട് ഇക്കാര്യം പറഞ്ഞിട്ട് തന്നെയാണ് അവരെ വിളിക്കാറുള്ളത്. ആ ഉദ്ദേശം മാത്രമേ തനിക്ക് ഉണ്ടായിരുന്നുള്ളു. ഈ കേസിന് പിന്നിൽ എന്തെങ്കിലും ഗൂഡാലോചന ഉള്ളതായി തനിക്ക് അറിവില്ലെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞു. ഈ വിഷയം തന്റെ ബിസിനസിനെ ഒരു തരത്തിലും ബാധിച്ചിട്ടില്ല. തന്റെ ജീവനക്കാരും ഉപഭോക്താക്കളും തന്നിൽ വിശ്വസിക്കുന്നുണ്ടെന്നും ബോബി ചെമ്മണ്ണൂർ കൂട്ടിച്ചേർത്തു.
ജാമ്യം നൽകിയിട്ടും പുറത്തിറങ്ങാൻ വൈകിയ ബോബിയെ ഹൈക്കോടതി കടുത്ത ഭാഷയിൽ ശകാരിച്ചിരുന്നു. ബോബിയുടേത് നാടകമെന്നും തടവുകാർക്കൊപ്പം ജയിലിൽ ആസ്വദിക്കട്ടെയെന്നുമായിരുന്നു കോടതിയുടെ വിമർശനം. ബോബി മാപ്പപേക്ഷിച്ചെങ്കിലും കോടതി ചെവി കൊടുത്തില്ല. ഒന്നേ മുക്കാലിന് നേരിട്ടെത്തി ഖേദം പ്രകടിപ്പിക്കാൻ കോടതി നിർദേശം നൽകി. ഇതിന് പിന്നാലെ ബോബി കോടതിയിൽ നേരിട്ടെത്തി മാപ്പ് അപേക്ഷിച്ചു.
ഇതോടെ ക്ഷമാപണം സ്വീകരിച്ച കോടതി, ഈ കേസിലെ തുടർനടപടികൾ അവസാനിപ്പിച്ചു.ബോബി ചെമ്മണൂർ ഇനി വാ തുറക്കില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിക്ക് ഉറപ്പുനൽകിയത്. നിരുപാധികം മാപ്പുനൽകണമെന്നും അപേക്ഷിച്ചു. മാദ്ധ്യമങ്ങളെ കണ്ടപ്പോൾ ബോബിക്ക് നാക്കുപിഴച്ചതാണെന്നും കോടതിയെ അപമാനിക്കാൻ ഉദ്ദേശിച്ചില്ലെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. തുടർന്നാണ് കോടതി മാപ്പ് സ്വീകരിച്ച് സ്വമേധയാ എടുത്ത കേസ് തീർപ്പാക്കിയത്. കോടതിക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തേണ്ടെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ബോബിയുടെ അഭിഭാഷകനെ ഓർമിപ്പിച്ചു
Discussion about this post