മെറ്റ മേധാവി മാർക്ക് സുക്കർബർഗിന്റെ ഇന്ത്യയുടെ 2024 തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാമർശം അശ്രദ്ധ മൂലം വന്നൊരു പിഴവെന്ന് മെറ്റ. ഇക്കാര്യത്തിൽ ഇന്ത്യയോട് മാപ്പ് പറയുന്നതായി മെറ്റ അറിയിച്ചു. സുക്കർബർഗിൻ്റെ പരാമർശത്തിൽ കമ്പനിയുടെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് ഐടി പാർലമെൻ്ററി പാനലിൻ്റെ തലവനായ ബിജെപി എംപി നിഷികാന്ത് ദുബെ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മെറ്റ ഇന്ത്യ മാപ്പ് പറഞ്ഞ് രംഗത്തെത്തിരിക്കുന്നത്.
2024 ലെ തിരഞ്ഞെടുപ്പിൽ ഇന്ത്യയിലെ സർക്കാരിന് അധികാരം നഷ്ടപ്പെട്ടുവെന്ന മാർക്ക് സുക്കർബർഗിൻ്റെ പരാമർശമാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നത്. 2024ൽ ലോകത്തെ വിവിധ ഇടങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ ഇന്ത്യയുൾപ്പെടെ നിലവിലുണ്ടായിരുന്ന മിക്ക സർക്കാരുകളും കോവിഡിന് ശേഷമുള്ള തോൽവി ഏറ്റുവാങ്ങിയെന്നായിരുന്നു സുക്കർബർഗ് പ്രസ്താവന നടത്തിയത്.
സുക്കർബർഗിന്റെ ഈ പ്രസ്താവനയ്ക്ക് പിന്നാലെ കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ തെറ്റ് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു. നിരവധി ബിജെപി എംപിമാർ ഉൾപ്പെടെ മെറ്റാ സിഇഒ മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇപ്പോൾ മെറ്റ ഔദ്യോഗികമായി നടത്തിയിരിക്കുന്ന ക്ഷമാപണം രാജ്യത്തെ സാധാരണ ജനങ്ങളുടെ വിജയമാണെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ അഭിപ്രായപ്പെട്ടു.
Discussion about this post