ഏഴ് വർഷം മുൻപ് ബൈക്കപകടത്തിൽ മകനെ നഷ്ടപ്പെട്ട കുടുംബം സമൂഹത്തിനായി ചെയ്യുന്ന സത്പ്രവൃത്തി സോഷ്യൽമീഡിയയിൽ ചർച്ചയാവുന്നു. മകന്റെ ഓർമ്മക്കായി നാട്ടുകാർക്ക് സൗജന്യമായി ഹെൽമറ്റ് വിതരണം ചെയ്യുകയാണ് കുടുംബ്. തങ്ങൾക്കുണ്ടായ വേദന മറ്റ് മാതാപിതാക്കൾക്ക് ഉണ്ടാവരുതെന്ന ലക്ഷ്യത്തോടെയാണ് കുടുംബം ഈ ഉദ്യമത്തിന് മുന്നിട്ടിറങ്ങിയിരിക്കുന്നത്.
ഹുങ്കേനഹള്ളി ഗ്രാമപഞ്ചായത്തിലെ മുൻപ്രസിഡന്റ് കൂടിയായ കൃഷ്ണപ്പയ്ക്കാണ് മകനെ നഷ്ടമായത്. 7 വർഷം മുമ്പ് നടന്ന ബൈക്കപകടത്തിലാണ് ഇദ്ദേഹത്തിന്റെ മകൻ മരിച്ചത്. ഹെൽമെറ്റ് ധരിക്കാതെയാണ് മകൻ വിക്രം ബൈക്കോടിച്ചിരുന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റാണ് വിക്രം മരിച്ചത്. ഹെൽമെറ്റ് ധരിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞേനെയെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ കൃഷ്ണപ്പ, മകന്റെ ഓർമ്മക്കായി ഹെൽമറ്റ് വിതരണത്തിന് തയ്യാറെടുക്കുകയായിരുന്നു. പ്രതിവർഷം ആയിരത്തിലധികം ഹെൽമെറ്റുകളാണ് ഇദ്ദേഹം സൗജന്യമായി വിതരണം ചെയ്യുന്നത്. കൂടാതെ റോഡപകടങ്ങളെക്കുറിച്ച് നാട്ടുകാർക്കിടയിലും ചെറുപ്പക്കാർക്കിടയിലും ബോധവൽക്കരണം നടത്താനും ഇവർ മുന്നോട്ടുവന്നു. ഇതോടൊപ്പം രക്തദാന ക്യാമ്പുകളും സംഘടിപ്പിച്ചുവരുന്നു. ജില്ലാ ആശുപത്രിയിലേക്ക് രണ്ട് ആംബുലൻസുകളും ഇദ്ദേഹം വാങ്ങി നൽകി. ഈ വർഷം ജില്ലാ ആശുപത്രിയുടെ വികസനത്തിനായി അദ്ദേഹം 20 ലക്ഷം രൂപയാണ് ചെലവാക്കിയത്.
Discussion about this post