ചൈനയുടെ സമ്പദ് വ്യവസ്ഥയുടെ സുപ്രധാന സൂചകമാണു വ്യവസായിക വളർച്ച. തിങ്കളാഴ്ച പുറത്തുവിട്ട കണക്കുപ്രകാരം കഴിഞ്ഞവർഷത്തേക്കാൾ 4.4% മാത്രമാണ് ഇക്കഴിഞ്ഞ ഓഗസ്റ്റിലെ വ്യവസായിക വളർച്ച. ജൂലൈയിലെ (4.8%) വളർച്ചയേക്കാൾ കുറവാണിത്. 2002 മുതലുള്ള സൂചികകളിൽ ഏറ്റവും കുറഞ്ഞ കണക്ക്. പ്രതീക്ഷയെ തകിടം മറിക്കുന്ന കണക്കിൽ ചൈന ഞെട്ടിയെന്നാണു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
നിർമാണം, ഖനനം തുടങ്ങിയ മേഖലകളിലെ വളർച്ചയാണു വ്യവസായിക വളർച്ചയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ചൈനയുടെ നാഷനൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകളും അത്ര നല്ലതല്ല. മൊത്ത വ്യാപാര വളർച്ച ജൂലൈയിലെ 7.6 ശതമാനത്തിൽനിന്ന് ഓഗസ്റ്റിൽ 7.5% ആയി താഴ്ന്നു. പൊതുമേഖലയിലെ സ്വകാര്യ നിക്ഷേപം ആറു മാസമായി കുറവാണു രേഖപ്പെടുത്തുന്നതെന്നും രേഖകൾ വ്യക്തമാക്കുന്നു.
ലോകത്തിലെ രണ്ടാം വാണിജ്യശക്തിയായ ചൈന, എതിരാളിയായ യുഎസുമായി വ്യപാരത്തർക്കത്തിൽ ഏർപ്പെട്ടും തളർന്നിരിക്കുകയാണ്. ഇതു മറികടക്കാൻ ചെറിയ തോതിലാണെങ്കിലും വ്യാപാരപ്പോരിൽ ചൈന അയവു വരുത്തുന്നതായാണു സൂചനകൾ. ചൈന–യുഎസ് വ്യാപാര യുദ്ധം മുറുകിയപ്പോൾ യുഎസ് ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവ ചൈന ഇരട്ടിയാക്കിയിരുന്നു. തിരിച്ചടിയായി ചൈനയിലുള്ള എല്ലാ യുഎസ് കമ്പനികളും പൂട്ടി നാട്ടിലേക്കു മടങ്ങാനാണു പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടത്.
യുഎസ് ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവയിൽ 7500 കോടി ഡോളറിന്റെ വർധനയാണു ചൈന വരുത്തിയത്. 5% തീരുവ 10 ശതമാനമായി വർധിപ്പിക്കുന്നത് സെപ്റ്റംബർ ഒന്നിനും ഡിസംബർ 15നും നടപ്പിൽ വരുമെന്നും ചൈന അറിയിച്ചു. സോയാബീൻ, ബീഫ്, ക്രൂഡ് ഓയിൽ അടക്കം അയ്യായിരത്തിലേറെ യുഎസ് ഉൽപന്നങ്ങൾക്കാണു ചൈന അധിക തീരുവ ചുമത്തിയത്. ചൈനീസ് ഉൽപന്നങ്ങളുടെ തീരുവയിൽ യുഎസ് കഴിഞ്ഞ മേയിൽ 30,000 കോടി ഡോളറിന്റെ വർധന വരുത്തിയിരുന്നു.
ചൈനീസ് ഉൽപന്നങ്ങൾക്കു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് 10 ശതമാനം ഇറക്കുമതിച്ചുങ്കം കൂടി ചുമത്തിയത് ഓഗസ്റ്റിലാണ്. സമവായ ശ്രമങ്ങൾ പരാജയപ്പെട്ടതിന്റെ തുടർച്ചയായിരുന്നു ട്രംപിന്റെ നടപടി. 30,000 കോടി ഡോളർ മൂല്യമുള്ള ഇറക്കുമതിയെ ബാധിക്കുന്ന ഈ ചുങ്കം, നേരത്തെയുളള 25 ശതമാനം ചുങ്കത്തിനു പുറമേയാണ്. ചൈന–യുഎസ് വ്യാപാരത്തർക്കം ഇരുരാജ്യങ്ങളെ മാത്രമല്ല, ആഗോള വിപണിയെ ആകെ ബാധിക്കുന്നുണ്ട്
യുഎസുമായുള്ള വ്യാപാരയുദ്ധത്തില്‍ അടി പതറി ചൈന; സാമ്പത്തിക വളര്‍ച്ച താഴേക്ക്
Discussion about this post