ഹിമാലയത്തിൽ നിന്ന് ഉത്ഭവിച്ച് ഇന്ത്യയിലൂടെ ഒഴുകുന്ന ആറ് നദികൾ പാക്കിസ്ഥാനെ സംബന്ധിച്ചും ഏറെ നിർണ്ണായകവുമാണ്. പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന ജലം വഴിതിരിച്ചുവിടാൻ ഇന്ത്യൻ സർക്കാർ നടത്തുന്ന നീക്കം പാക്കിസ്ഥാനിൽ ആശങ്കയുണ്ടാക്കിയിരിക്കുകയാണ്.സിന്ധു, ചിനാബ്, ഝലം നദികളിലെ ജലം വഴിതിരിച്ചു വിടാൻ ഇന്ത്യ നടത്തുന്ന ഏതു ശ്രമവും പ്രകോപനമായി കണക്കാക്കുമെന്ന് പാക്കിസ്ഥാൻ വിദേശ കാര്യമന്ത്രി ഷ മഹമ്മൂദ് ഖുറേഷി പറഞ്ഞു.സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തിൽ പങ്കെടുക്കുകയായിരുന്നു ഖുറേഷി.
പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന അധിക നദീജലം വഴിതിരിച്ച് ഇന്ത്യൻ മണ്ണിലേക്കു തന്നെ ഒഴുക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയും യോഗത്തിൽ ചർച്ചയായി. അത്തരത്തിൽ ശ്രമമുണ്ടായാൽ ശക്തമായ മറുപടി നല്കുമെന്നും ഖുറേഷി വ്യക്തമാക്കി. പാക്കിസ്ഥാനിലേക്കൊഴുകുന്ന നദീജലത്തിലെ ഇന്ത്യയുടെ വിഹിതം ഹരിയാനയിലെയും രാജസ്ഥാനിലെയും കർഷകർക്കു നല്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.
70 വർഷമായി ഇന്ത്യയ്ക്ക് അവകാശപ്പെട്ട ജലം പാക്കിസ്ഥാനിലേക്ക് ഒഴുകുകയാണെന്നു മോദി പറഞ്ഞു. ഇതു ഹരിയാനയിലെയും രാജസ്ഥാനിലെയും കർഷകർക്ക് അവകാശപ്പെട്ടതാണ്. അത് അവർക്കു ലഭിക്കാൻ നടപടിയെടുക്കുമെന്നും മോദി പറഞ്ഞു. സിന്ധു നദീജല കരാർ ലംഘിക്കാതെ തന്നെ പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന അധികജലം വഴിതിരിച്ചു വിടാനുള്ള നടപടി സർക്കാർ ആരംഭിച്ചുവെന്ന് കേന്ദ്ര ജലവിഭവ മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തും ഓഗസ്റ്റിൽ പറഞ്ഞിരുന്നു.
Discussion about this post