തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇടത് വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്ഐയെ രൂക്ഷമായി വിമര്‍ശിച്ച് തൃത്താല എംഎല്‍എ വിടി ബല്‍റാം രംഗത്ത്. ക്രിമിനലിസത്തിന്റെ, ജനാധിപത്യവിരുദ്ധതയുടെ, ആള്‍ക്കൂട്ട നീതിയുടെ, ഭീരുത്വത്തിന്റെ, പാര്‍ട്ടി ദാസ്യത്തിന്റെ, പി.വിജയഭക്തിയുടെ ആകെത്തുകയാണ് എസ്എഫ്ഐ എന്ന് വിടി ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ രൂക്ഷവിമര്‍ശനമുന്നയിച്ചു.
യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കെ എസ് യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് വന്‍ വിവാദമായിരിക്കുകയാണ്. കെ എസ് യു പ്രവര്‍ത്തകനെ എസ്എഫ്ഐ നേതാവിന്റെ നേതൃത്വത്തില്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
നല്ല എസ്എഫ്ഐയും ചീത്ത എസ്എഫ്ഐയും എന്ന വേര്‍തിരിവില്‍ യാതൊരു അര്‍ത്ഥവുമില്ലെന്ന് എത്രയോ തവണ പറഞ്ഞത് വീണ്ടുമൊരിക്കല്‍ക്കൂടി ആവര്‍ത്തിക്കേണ്ടി വരുന്നു. ഒരു സാംസ്ക്കാരിക ഗ്ലോറിഫിക്കേഷനും അര്‍ഹതയില്ലാത്ത, കമ്മ്യൂണിസ്റ്റ് അസഹിഷ്ണുതയുടെ ക്യാമ്പസ് രൂപം മാത്രമാണ് എസ്എഫ്ഐ. കഴിഞ്ഞ മുപ്പത് വര്‍ഷത്തിനകത്ത് എസ്എഫ്ഐക്ക് ഒരു മുഖമേ ഉണ്ടായിട്ടുള്ളൂ, ഒരു ഭാവമേ ഉണ്ടായിട്ടുള്ളൂ… ക്രിമിനലിസത്തിന്റെ, ജനാധിപത്യവിരുദ്ധതയുടെ, ആള്‍ക്കൂട്ട നീതിയുടെ, ഭീരുത്വത്തിന്റെ, പാര്‍ട്ടി ദാസ്യത്തിന്റെ, പി.വിജയഭക്തിയുടെ ആകത്തുകയാണ് ആ സംഘടന. കെ എസ് യു സംസ്ഥാന പ്രസിഡണ്ട് കെഎം അഭിജിത്ത് അടക്കമുള്ളവരെ ക്രൂരമായി ആക്രമിച്ച യൂണിവേഴ്സിറ്റി കോളേജിലെ ക്രിമിനലുകള്‍ ആവര്‍ത്തിച്ച് തെളിയിക്കുന്നതും അത് തന്നെയാണ്.
ഒമ്പതും പതിമൂന്നും വയസ്സ് മാത്രം പ്രായമുള്ള രണ്ട് കുഞ്ഞുങ്ങളെ, വിദ്യാര്‍ത്ഥികളെ, അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതികള്‍ ഭരണകൂട വീഴ്ചയാല്‍ പുറത്തിറങ്ങി സൈ്വരവിഹാരം നടത്തുന്നതിനെതിരെ ‘കേരളത്തിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി സംഘടന’ എന്ത് പ്രതിഷേധമാണ് ഇതുവരെ നടത്തിയത്?
മൂന്നര വര്‍ഷത്തിനുള്ളില്‍ ഏഴ് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവര്‍ത്തകരെ ഭരണകൂടം വ്യാജ ഏറ്റുമുട്ടല്‍ സൃഷ്ടിച്ച് വെടിവെച്ച് കൊന്നപ്പോള്‍ ചെ ഗുവേരയുടെ ചിത്രം ടീ ഷര്‍ട്ടില്‍ പതിപ്പിച്ച് ഞെളിഞ്ഞു നടക്കുന്ന ‘വിപ്ലവ വിദ്യാര്‍ത്ഥി പ്രസ്ഥാന’ക്കാര് അത് കേട്ടതായിപ്പോലും നടിക്കാത്തതെന്തുകൊണ്ട്?
സ്വന്തം സംഘടനയില്‍പ്പെട്ട ചെറുപ്പക്കാര്‍ ഭീകരവാദികളെന്ന് മുദ്രകുത്തപ്പെട്ട് സ്വന്തം സര്‍ക്കാരിന്റെ പോലീസിനാല്‍ വേട്ടയാടപ്പെടുമ്പോള്‍ എസ്എഫ്ഐയിലേയും ഡിവൈഎഫ്ഐയിലേയും ‘പ്രതികരിക്കുന്ന യുവത്വം’ കുന്തം വിഴുങ്ങി നില്‍ക്കുന്നത് ആരെപ്പേടിച്ച്?
നാല്‍പ്പത് ലക്ഷത്തിലേറെ ചെറുപ്പക്കാരുടെ തൊഴില്‍ സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി ഭരണഘടനാ സ്ഥാപനമായ കേരളാ പി എസ് സി സ്വന്തം വിശ്വാസ്യത കളഞ്ഞുകുളിച്ച് നില്ക്കുമ്പോള് ഒരു നേര്‍ത്ത പ്രതികരണം പോലും അവരില്‍ നിന്നുണ്ടാകാതെ പോവുന്നതെന്തുകൊണ്ട്?
കേരളത്തിലെ സര്‍വ്വകലാശാലകള്‍ മുഴുവന്‍ അനധികൃത മാര്‍ക്ക് ദാനങ്ങളുടെ അപമാനഭാരത്താല്‍ തലകുനിച്ച് നില്‍ക്കേണ്ടി വരുന്ന ഇക്കാലത്ത് മഹാഭൂരിപക്ഷം സര്‍വ്വകലാശാലകളും ഭരിക്കുന്ന വിദ്യാര്‍ത്ഥി സംഘടനക്ക് നാവിറങ്ങിപ്പോവുന്നതെന്തുകൊണ്ട്?
പരിയാരം മെഡിക്കല്‍ കോളേജ് പൊതുഖജനാവില്‍ നിന്ന് കോടികള്‍ മുടക്കി സര്‍ക്കാര്‍ ഏറ്റെടുത്തിട്ടും അവിടെ സര്‍ക്കാര്‍ ഫീസില്‍ പാവപ്പെട്ടവര്‍ക്ക് പഠിക്കാന്‍ കഴിയാത്തതെന്തേ എന്ന് ”പുഷ്പനെയറിയാമോ’ എന്ന പാട്ടുപാടി നടക്കുന്നവര്‍ ചോദിക്കാന്‍ മറന്നുപോകുന്നതെന്തുകൊണ്ട്?
ആണ്ടോടാണ്ട് ജാഥയായി വന്ന് സമര്‍പ്പിക്കുന്ന അവകാശപത്രികാ നാടകത്തിനപ്പുറം കഴിഞ്ഞ മൂന്നര വര്‍ഷമായി എസ്എഫ്ഐ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നിന്ന് നിലപാടെടുത്ത ഏതെങ്കിലും ഒരൊറ്റ വിഷയം ആരുടേയെങ്കിലും ഓര്‍മ്മയില്‍ വരുന്നുണ്ടോ? എന്നിട്ടും എങ്ങിനെയാണ് കേരളത്തിലെ മഹാഭൂരിപക്ഷം ക്യാമ്പസുകളും ജയിക്കാന്‍ എസ്എഫ്ഐക്ക് സാധിക്കുന്നത്? എങ്ങനെയാണ് മഹാഭൂരിപക്ഷം വിദ്യാര്‍ത്ഥികളും തങ്ങള്‍ക്കൊപ്പമാണെന്ന വ്യാജപ്രതീതി സൃഷ്ടിച്ച് നിലനിര്‍ത്താന്‍ സാധിക്കുന്നത്?
അതിനുള്ള ഒരേയൊരുത്തരമാണ് ഈ യൂണിവേഴ്സിറ്റി കോളേജ് മോഡല്‍. സമഗ്രാധിപത്യത്തിന്റെ ഇത്തരം അധോലോക കോട്ടകളാണ് എസ്എഫ്ഐയെ നിലനിര്‍ത്തുന്നത്. ജനാധിപത്യത്തിന്റെ കാറ്റും വെളിച്ചവും കടക്കാതെ ഇരുമ്പുമറകള്‍ക്കുള്ളില്‍ അവയെ നിലനിര്‍ത്തേണ്ടത് മറ്റേതൊരു ഭീകര സംഘടനയേയും പോലെ എസ്എഫ്ഐയുടെ ആവശ്യമാണ്.
https://www.facebook.com/photo.php?fbid=10157126523214139&set=a.10150384522089139&type=3&theater
Discussion about this post