ഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അടൽ ബിഹാരി വാജ്പേയിയുടെ 96ആം ജന്മവാർഷിക ദിനത്തിൽ ഹിമാചൽ പ്രദേശിലെ തന്ത്ര പ്രധാനമായ റോത്തങ് തുരങ്കത്തിന് അദ്ദേഹത്തിന്റെ പേര് നൽകി കേന്ദ്രസർക്കാർ. വാജ്പേയിയുടെ പേര് തുരങ്കത്തിന് നൽകണമെന്നത് ദീർഘകാലമായുള്ള ആവശ്യമായിരുന്നുവെന്ന് രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി.
റോത്തങ്ങിൽ തുരങ്കം നിർമ്മിക്കാനുള്ള ചരിത്രപരമായ തീരുമാനം കൈക്കൊണ്ട വാജ്പേയിക്ക് അർഹിക്കുന്ന ആദരവാണ് ഈ തീരുമാനത്തിലൂടെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ നൽകിയിരിക്കുന്നതെന്നും രാജ്നാഥ് സിംഗ് ട്വീറ്റ് ചെയ്തു.
The Govt under the leadership of PM Shri @narendramodi has fulfilled a long pending demand to name the tunnel under Rohtang Pass after Atal Bihari Vajpayee ji as a tribute to the former Prime Minister who took the historic decision of constructing this strategic tunnel.
— Rajnath Singh (मोदी का परिवार) (@rajnathsingh) December 25, 2019
ചൊവ്വാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക തീരുമാനം എടുത്തത്. ബി ആർ ഒയുടെ നേതൃത്വത്തിൽ 4000 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന തുരങ്കത്തിന്റെ പണി വരുന്ന വർഷം പൂർത്തിയാകും. ഏത് കാലാവസ്ഥയിലും ഹിമാചലിലെ ലഹാവുലിലേക്കും സ്പിറ്റി താഴ്വരയിലേക്കും എത്തിച്ചേരാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. മണാലിയും ലേയും തമ്മിലുള്ള ദൂരത്തിൽ 46 കിലോമീറ്ററിന്റെ കുറവും ഈ തുരങ്കത്തിന്റെ വരവോടെ ഉണ്ടാകുമെന്നും രാജ്നാഥ് സിംഗ് അറിയിച്ചു.
2000 ഡിസംബർ മൂന്നിന് വാജ്പേയി പ്രധാനമന്ത്രിയായിരിക്കെയാണ് റോത്തങ് പാസിൽ തുരങ്കം നിർമിക്കാനുള്ള നിർണ്ണായക തീരുമാനം ഇന്ത്യ കൈക്കൊണ്ടത്. 3000 മീറ്റർ ഉയരത്തിലുള്ള ലോകത്തിലെ ഏറ്റവും നീളമേറിയ തുരങ്കമായി വിഭാവനം ചെയ്യപ്പെടുന്ന റോത്തങ് തുരങ്കത്തിന് 8.8 കിലോമീറ്റർ നീളമുണ്ടാകും. ആറ് മാസത്തോളം മഞ്ഞ് മൂടി ഗതാഗതം ദുഷകരമാകുന്ന മേഖലയിൽ തുരങ്കത്തിന്റെ വരവോടെ വർഷം മുഴുവനും സൈനിക ആവശ്യങ്ങൾക്കുൾപ്പെടെ ഗതാഗതം സാധ്യമാകും. ഇതോടെ ലഡാക്ക് മേഖലയിലെ ഇന്ത്യയുടെ സൈനിക സ്വാധീനം വർദ്ധിക്കും. ഇതാണ് ചൈനയെയും പാകിസ്ഥാനെയും ആശങ്കപ്പെടുത്തുന്നത്.
കാർഗിൽ യുദ്ധകാലത്ത് ഇത്തരമൊരു തുരങ്കത്തിന്റെ ആവശ്യകത മനസ്സിലാക്കി ഇതിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട പഠനങ്ങൾ കേന്ദ്രസർക്കാർ ആരംഭിക്കുകയായിരുന്നു. പാകിസ്ഥാൻ അതിർത്തി മേഖലയ്ക്കും ചൈനീസ് നിയന്ത്രണത്തിലുള്ള അക്സായ് ചിന്നിനും ഇടയിലാണ് തുരങ്കം നിർമ്മിക്കുന്നത്. നിർമാണം പൂർത്തിയായാൽ ഏതു സമയത്തും ലഡാക്കിലേക്കു സൈനിക സാമഗ്രികൾ സുഗമമായി എത്തിക്കാൻ ഇന്ത്യയ്ക്കു സാധിക്കുമെന്നത് ഈ തുരങ്കത്തിന്റെ തന്ത്രപ്രധാനമായ പ്രത്യേകതയാണ്.
Discussion about this post