ലക്‌നൗ: സംഭൽ മസ്ജിദിൽ വെള്ളപൂശണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം തള്ളി അലഹബാദ് ഹൈക്കോടതി. ഇതിന് പകരമായി മസ്ജിദ് വൃത്തിയാക്കാൻ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയോട് കോടതി നിർദ്ദേശിച്ചു. റംസാൻ ആരംഭമായതിനാൽ മസ്ജിദിനകം വെള്ളപൂശാൻ അനുവദിക്കണം എന്നായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം.
കഴിഞ്ഞ ദിവസം ആയിരുന്നു മസ്ജിദ് കമ്മിറ്റി ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി ഇത് അനുവദിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. മസ്ജിദിനുള്ളിൽ മാറ്റങ്ങൾ സംഭവിക്കാനുള്ള സാദ്ധ്യത പരിഗണിച്ച് ആയിരുന്നു കോടതി ഹർജി തള്ളിയത്. അതേസമയം റംസാനോട് അനുബന്ധിച്ച് മസ്ജിദ് വൃത്തിയാക്കണം എന്ന ആവശ്യം കോടതി പരിഗണിച്ചു. ഇതേ തുടർന്നാണ് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയ്ക്ക് നിർദ്ദേശം നൽകിയത്.
നേരത്തെ ഹർജി പരിഗണിച്ച കോടതി മസ്ജിദ് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആർക്കിയോളജിക്കൽ സർവ്വേ അധികൃതർ എത്തി മസ്ജിദിൽ പരിശോധിച്ചു. മൂന്നംഗ സംഘത്തിന് ആണ് ചുമതല നൽകിയിരുന്നത്. ഇതിന് പിന്നാലെ കോടതിയ്ക്ക് മുൻപാകെ റിപ്പോർട്ടും സമർപ്പിച്ചു.
മസ്ജിദിനകത്തെ മുകൾഭാഗത്ത് സെറാമിക് പെയിന്റാണ് അടിച്ചിട്ടുള്ളത് എന്നും അതിനാൽ വെള്ളപൂശേണ്ട ആവശ്യം ഇല്ലെന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതോടെ വൈറ്റ് വാഷ് ചെയ്യേണ്ടെന്നും അകത്തെ പൊടിയും പുറത്തെ പുല്ലും വെട്ടിമാറ്റി മസ്ജിദ് വൃത്തിയാക്കിയാൽ മതിയെന്നും കോടതി വ്യക്തമാക്കുകയായിരുന്നു.
Discussion about this post