കണ്ണൂര്‍: വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ഇതുവരെ ലഭിച്ച അപേക്ഷകള്‍ ഒരാഴ്ചക്കുള്ളില്‍ തീര്‍പ്പാക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്കി. സ്പെഷ്യല്‍ സമ്മറി റിവിഷനുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രവൃത്തി വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം നിര്‍ദ്ദേശിച്ചത്.
വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കല്‍, തിരുത്തലുകള്‍ വരുത്തല്‍, നീക്കംചെയ്യല്‍, മണ്ഡലം മാറിപ്പോകല്‍ തുടങ്ങിവയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന അപേക്ഷകളില്‍ ബി.എല്‍.ഒ.മാര്‍ മുഖേന ഫീല്‍ഡ് പരിശോധന നടത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കണം എന്നും തിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശത്തില്‍ പറയുന്നു.
നിലവിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കംചെയ്യുമ്പോള്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് നിര്‍ബന്ധമായും നോട്ടീസ് നല്‍കണമെന്നും ഫീല്‍ഡ്തല പരിശോധന ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വീഴ്ച കാണിക്കുന്ന ബി.എല്‍.ഒ.മാര്‍ക്കെതിരേ കര്‍ശനനടപടി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post