ബഗ്ദാദ്: യുഎസ് -ഇറാൻ സംഘർഷാവസ്ഥ ശാന്തമാക്കാനുള്ള ഇന്ത്യയുടെ സമാധാന നടപടികളെ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് ഇന്ത്യയിലെ ഇറാനിയൻ സ്ഥാനപതി അലി ഛെഗെനി.
“ഞങ്ങൾ നിലകൊള്ളുന്നത് യുദ്ധത്തിന് വേണ്ടിയല്ല, മറിച്ച്, ഈ മേഖലയിലുള്ള സമാധാനവും സമൃദ്ധിയും ആഗ്രഹിച്ചു കൊണ്ട് തന്നെയാണ്. സമാധാനം നിലനിർത്താൻ എക്കാലത്തും ഇന്ത്യ നടത്തിയിട്ടുള്ള ഇടപെടലുകൾ ഒരുപാട് പ്രശംസയർഹിക്കുന്നതാണ്. ഇപ്പോഴാണെങ്കിൽ പ്രശ്നബാധിതമായ ഏഷ്യയിലെ ഒരംഗം കൂടിയാണ് ഇന്ത്യ. ഈ പ്രക്ഷുബ്ധാവസ്ഥ തരണം ചെയ്യാനുള്ള എല്ലാ ലോകരാഷ്ട്രങ്ങളുടെയും ശ്രമങ്ങളെ, വിശിഷ്യാ ഞങ്ങളുടെ അടുത്ത സുഹൃത്തു കൂടിയായ ഇന്ത്യയുടെ ശ്രമങ്ങളെ ഇറാൻ സ്വാഗതം ചെയ്യുന്നു” എന്നും ഇറാനിയൻ എംബസിയിൽ നടന്ന അനുശോചന സമ്മേളനത്തിൽ അലി മാധ്യമങ്ങളോട് പറഞ്ഞു.
കാസിം സുലൈമാനിയെ അമേരിക്ക വധിച്ച നടപടിയിൽ ക്ഷുഭിതരായി ഇന്ന് പുലർച്ചെ ഇറാൻ നടത്തിയ മിസൈലാക്രമണങ്ങളെ, അത് തങ്ങളുടെ സ്വയം പ്രതിരോധിക്കാനുള്ള അവകാശം മാത്രമാണെന്നാണ് അലി വിശേഷിപ്പിച്ചത്.
യുഎസ് -ഇറാൻ സംഘർഷാവസ്ഥ നിൽക്കുന്ന ഈ സമയത്ത് ഇന്ത്യയുടെ താല്പര്യങ്ങളെയും നയങ്ങളെയും സംബന്ധിച്ച് ഇറാനിയൻ നയതന്ത്രജ്ഞനായ ജവാദ് ഷെരീഫുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ദിവസങ്ങൾക്ക് മുൻപ് ചർച്ച നടത്തിയിരുന്നു. ഇന്ത്യൻ സർക്കാരിന്റെ നിലപാടുകളെ സാധൂകരിക്കുന്നതാണ് അലിയുടെ ഈ പ്രസ്താവന.
Discussion about this post