തിരുവനന്തപുരം: കളിയിക്കാവിളയിൽ എ എസ് ഐ വിൽസണെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ നാല് പേർ കൂടി പിടിയിലായി. പാലരുവിയിൽ നിന്നാണ് ഇവർ പിടിയിലായിരിക്കുന്നത്. തെങ്കാശി ഡി വൈ എസ് പി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊല്ലം റൂറൽ പൊലീസ് ഇവരെ പിടികൂടിയിരിക്കുന്നത്. പിടിയിലായവരെ തമിഴ്നാട് പൊലീസിന് കൈമാറി.
അതേസമയം നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ താസിമിനെയും സിദ്ദിഖിനെയും വിശദമായി ചോദ്യം ചെയ്തു വരികയാണ്. മുഖ്യപ്രതികളായ തൗഫീഖിനും അബ്ദുൾ ഷമീമിനുമായി പൊലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ഇവരുമായി ബന്ധപ്പെട്ട് വിവരം നൽകുന്നവർക്ക് തമിഴ്നാട് പൊലീസ് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. തൗഫീക്കും അബ്ദുള്‍ ഷെമീമും ഉൾപ്പെട്ട തീവ്രവാദ സംഘടനയുമായി പിടിയിലായവർക്ക് എന്തെങ്കിലും ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിച്ചു വരികയാണ്.
ബുധനാഴ്ച രാത്രി പത്തരയോടെയായിരുന്നു കളിയിക്കാവിള ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എ എസ് ഐ വിൽസണെ ബൈക്കിലെത്തിയ അക്രമികൾ വെടിവെച്ച് കൊലപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പ്രതികൾക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചത്.
Discussion about this post