കോഴിക്കോട്: ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ ഒരു നിയമം നടപ്പിലാക്കില്ലെന്ന് പറയാൻ ഒരു സംസ്ഥാന സർക്കാരുകൾക്കും അവകാശമില്ലെന്ന് കോൺഗ്രസ്സ് നേതാവും അഭിഭാഷകനുമായ കപിൽ സിബൽ. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന കേരളം ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളുടെ അഭിപ്രായം ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം പാർലമെന്റിൽ പാസ്സായ നിയമമാണ്. അത് നടപ്പിലാക്കില്ലെന്ന് പറയുന്നത് അസാദ്ധ്യവും ഭരണഘടനാ വിരുദ്ധവുമാണ്. നിങ്ങൾക്ക് അതിനെ എതിർക്കുകയും അതിനെതിരെ വേണമെങ്കിൽ പ്രമേയം പാസ്സാക്കുകയും ചെയ്യാം. നിയമം പിൻവലിക്കാൻ കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിക്കാം. എന്നാൽ അത് നടപ്പിലാക്കില്ലെന്ന് പറയാൻ സാധിക്കില്ല. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിക്കവെ നിയമവിദഗ്ദ്ധനായ അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ഞാൻ അത് നടപ്പിലാക്കില്ല എന്ന് ഏകപഷീയമായി പറയുന്നത് പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കും. ഭരണഘടനാപരമായി അസാധ്യമായ കാര്യമാണത്.‘ കപിൽ സിബൽ വ്യക്തമാക്കി.
നേരത്തെ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയനും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും വ്യക്തമാക്കിയിരുന്നു. ഇത് അസാധ്യമാണെന്നായിരുന്നു കേന്ദ്ര മന്ത്രിമാരുടെ പ്രതികരണം. സംസ്ഥാന സർക്കാരിന്റെ പ്രസ്താവനയിലെ പൊള്ളത്തരം ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും ചൂണ്ടിക്കാട്ടിയിരുന്നു.
Discussion about this post