കോട്ടയം: കൂടുതൽ കെട്ടിടങ്ങൾ പൊളിക്കാൻ വേണ്ടിയല്ല ഇനിയും ആളുകൾ വഞ്ചിതരാകാതിരിക്കാൻ വേണ്ടിയാണു താൻ സുപ്രീംകോടതിയെ സമീപിച്ചതെന്നു സംവിധായകനും നടനുമായ മേജർ രവി. കേരളത്തിൽ തീരദേശ പരിപാലന ചട്ടം ലംഘിച്ച് നിർമിച്ച മുഴുവൻ കെട്ടിടങ്ങളുടെയും പട്ടിക സര്‍ക്കാർ ഹാജരാക്കാത്തതിനെതിരെ നൽകിയ കോടതിയലക്ഷ്യ ഹർജിയെക്കുറിച്ച് ഒരു സ്വകാര്യ മാധ്യമത്തോട് പ്രതികരിക്കവെ അദ്ദേഹം പറഞ്ഞു.
‘സിആർഇസഡ് സംബന്ധിച്ച് സർക്കാർ കൃത്യമായ വിവരം നൽകാത്തതിനാലാണ് എന്നെപ്പോലുള്ളവർക്ക് നഷ്ടം ഉണ്ടായത്. യാതൊരു തെറ്റും ചെയ്യാതെ ഏറെ അനുഭവിക്കേണ്ടി വന്നു. ഉദ്യോഗസ്ഥർ കൃത്യമായി പഠനം നടത്തി വിവരം നൽകാതിരുന്നതാണു മരടിലെ പ്രശ്നങ്ങളിലേക്കു നയിച്ചത്. ഈ സാഹചര്യത്തിൽ ഇനിയും ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ, സർക്കാർ കൃത്യമായ വിവരങ്ങൾ ശേഖരിച്ച് കോടതിയിൽ സമർപ്പിക്കാൻ തയാറാകണം’.– മേജർ രവി വ്യക്തമാക്കി.
സംസ്ഥാന ചീഫ് സെക്രട്ടറിയോട് കേരളത്തിൽ തീരദേശ നിയമം ലംഘിച്ച് നിർമിച്ച കെട്ടിടങ്ങളുടെയും അനധികൃത കയ്യേറ്റങ്ങളുടെയും പട്ടിക ആറ് ആഴ്ചയ്ക്കകം സമർപ്പിക്കാൻ സുപ്രീംകോടതി തിങ്കളാഴ്ച നിർദേശിച്ചിരുന്നു. തീരദേശ നിയമം ലംഘിച്ച കെട്ടിങ്ങളുടെ പട്ടിക സംസ്ഥാന സർക്കാർ കോടതിക്കു നൽകുന്നില്ല എന്നു ചൂണ്ടിക്കാട്ടി മേജർ രവി സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിലാണ് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റെ ഉത്തരവ്.
മരടിലെ അനധികൃത ഫ്ലാറ്റുകള്‍ സംബന്ധിച്ച കോടതി നടപടികള്‍ മുന്നോട്ടുപോകവെയാണ് കേരളത്തില്‍ തീരദേശ പരിപാലന ചട്ടം ലംഘിച്ച് നിര്‍മിച്ച നിരവധി കെട്ടിടങ്ങളുണ്ടെന്ന വിഷയം സുപ്രീം കോടതിയുടെ പരിഗണനയില്‍ വരുന്നത്. തുടര്‍ന്നാണ് കേരളത്തിലെ അനധികൃത നിര്‍മാണങ്ങളെക്കുറിച്ച് വ്യക്തമായ റിപ്പോര്‍ട്ട് നല്കാന് സുപ്രീം കോടതി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത്. ഇതിനായി നാലുമാസത്തെ സമയമാണ് ചീഫ് സെക്രട്ടറിക്ക് അനുവദിച്ചത്. എന്നാൽ സമയം കഴിഞ്ഞിട്ടും റിപ്പോർട്ട് സമർപ്പിക്കാതെ വന്നതിനാലാണ് മേജർ രവി സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തത്.
തീരദേശ നിയമം ലംഘിച്ചതിനെ തുടർന്ന് പൊളിച്ചു നീക്കിയ മരടിലെ പാര്‍പ്പിട സമുച്ചയത്തിലെ ഒരു ഫ്ലാറ്റ് മേജര്‍ രവിയുടെതായിരുന്നു. സുപ്രീംകോടതി വിധിയെ തുടർന്നായിരുന്നു നടപടി.
അതേസമയം മാർച്ച് 23ന് കേസ് സുപ്രീം കോടതി വീണ്ടും പരിഗണിക്കും.
Discussion about this post