2019 ഡിസംബർ മാസം വൻ ഭൂരിപക്ഷത്തോടെ രണ്ടാം തവണയും ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരത്തിലേറിയ ബോറിസ് ജോൺസൻ മന്ത്രിസഭാ പുനഃസംഘടനയിൽ അതിപ്രധാനമായ സ്ഥാനങ്ങളിലേക്ക് മൂന്ന് ഇന്ത്യൻ വംശജരെ തിരഞ്ഞെടുത്തു. ചാൻസലർ ഓഫ് എക്സ്ചെക്കർ (ധനകാര്യമന്ത്രി), ഹോം സെക്രട്ടറി (ആഭ്യന്തരമന്ത്രി), ബിസിനസ് സെക്രട്ടറി (വാണിജ്യ മന്ത്രി), അറ്റോർണി ജനറൽ (നിയമമന്ത്രി/അറ്റോർണി ജനറൽ) സ്ഥാനങ്ങളിലേക്ക് ബോറിസ് ജോൺസൻ തിരഞ്ഞെടുത്തിരിയ്ക്കുന്നത് ഇന്ത്യൻ വംശജരെയാണ്. ഒപ്പം പാകിസ്ഥാൻ വംശജരായ സജിദ് ജാവേദിനെ ചാൻസലർ ഓഫ് എക്സ്ചെക്കർ സ്ഥാനത്തുനിന്നും നുസ്രത് ഘാനിയെ ഗതാഗതമന്ത്രി സ്ഥാനത്തുനിന്നും പുറത്താക്കുകയും ചെയ്തു.
ബ്രിട്ടന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്രയധികം ഉന്നതമായ സ്ഥാനങ്ങളിലേക്ക് ഇന്ത്യൻ വംശജർ കടന്നുവരുന്നത്. ബ്രെക്സിറ്റ് കഴിഞ്ഞതിനു ശേഷം ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുമായി ശക്തമായ വാണിജ്യ വ്യവസായ ബന്ധങ്ങളുണ്ടാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ബോറിസ് ജോൺസന്റെ ഈ നീക്കമെന്നാണ് കരുതുന്നത്.
ബ്രിട്ടീഷ് ധനകാര്യമന്ത്രിയായി (ചാൻസലർ ഓഫ് എക്സ്ചെക്കർ) നിയമിതനായ ഋഷി സുനക് ബ്രിട്ടീഷ് ചരിത്രത്തിലെ ആദ്യ ഇന്ത്യൻ വംശജനായ ധനകാര്യമന്ത്രിയാണ്. ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബ്രിട്ടീഷ് ധനകാര്യമന്ത്രിയുമാണ് ഈ മുപ്പത്തിയൊമ്പതുകാരൻ. 2015 മുതൽ യോർക് ഷെയറിലെ റിച്മണ്ട് എന്ന മണ്ഡലത്തിൽ നിന്നുള്ള എം പി ആയ ഋഷി ഓക്സ്ഫോഡ് സർവകലാശാലയിൽ നിന്ന് രാഷ്ട്രതന്ത്രത്തിലും തത്വശാസ്ത്രത്തിലും ബിരുദവും അമേരിക്കയിലെ സ്റ്റാൻഫോഡ് സർവകലാശാലയിൽ നിന്ന് ഫുൾബ്രൈറ്റ് സ്കോളർഷിപ്പോടെ എം ബി എ ബിരുദവും നേടിയിട്ടുണ്ട്.
പഞ്ചാബിൽ നിന്നാണ് ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ ബ്രിട്ടനിലേക്ക് കുടിയേറിയത്. ഇന്ത്യയിലെ വൻ ഐടി കമ്പനികളിലൊന്നായ ഇൻഫോസിസിന്റെ ചെയർമാനായിരുന്ന നാരായണമൂർത്തിയുടെയും എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ സുധാ മൂർത്തിയുടേയും മകൾ അക്ഷതാ മൂർത്തിയെയാണ് ഇദ്ദേഹം വിവാഹം ചെയ്തിരിക്കുന്നത്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായപ്പോൾ ഭഗവത് ഗീതയിൽ തൊട്ടാണ് ഋഷി സുനക് സത്യപ്രതിജ്ഞ ചെയ്തത്.
ഗുജറാത്തിൽ നിന്ന് ഉഗാണ്ടയിലേക്ക് കച്ചവടത്തിനായിപ്പോവുകയും അവിടെനിന്ന് ഈദിഅമീന്റെ മതപീഡനസമയത്ത് ബ്രിട്ടനിലേക്ക് അഭയാർത്ഥികളായെത്തുകയും ചെയ്ത ശുശീൽ പട്ടേലിന്റേയും അഞ്ജനാ പട്ടേലിന്റേയും മകളാണ് ബ്രിട്ടീഷ് ആഭ്യന്തരമന്ത്രിയായ (ഹോം സെക്രട്ടറി) പ്രീതി പട്ടേൽ. ഇംഗ്ലണ്ടിലെ എസെക്സിലുള്ള വിറ്റ്ഹാം എന്ന മണ്ഡലത്തിൽ നിന്ന് 2010 മുതൽ എം പി ആണ് നാൽപ്പത്തെട്ടുകാരിയായ പ്രീതിപട്ടേൽ. കീൽ സർവകലാശാലയിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ബിരുദവും എസെക്സ് സർവകലാശാലയിൽ നിന്ന് രാഷ്ട്രതന്ത്രത്തിൽ ബിരുദാനന്തരബിരുദവും നേടിയ പ്രീതി പട്ടേൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരാധികയാണെന്ന് പലതവണ വ്യക്തമാക്കിയിട്ടുണ്ട്.
നരേന്ദ്രമോദി ബ്രിട്ടനിലെത്തിയപ്പോൾ സ്വീകരിക്കാൻ മുന്നിലുണ്ടായിരുന്നതും പ്രീതി പട്ടേൽ തന്നെയായിരുന്നു. ഇസ്രയേൽ അനുകൂല നിലപാടുകൾ പരസ്യമായി എടുക്കുന്നതുകൊണ്ട് ബ്രിട്ടനിലെ ഇടതുപക്ഷത്തിന്റെ കണ്ണിലെ കരടാണ് പ്രീതി പട്ടേൽ. ഇടതുപക്ഷമാദ്ധ്യമങ്ങൾ തുടർച്ചയായി അവരെ ആക്രമിക്കാറുമുണ്ട്. ഇസ്രയേൽ യാത്രക്കിടെ ഉദ്യോഗസ്ഥരുമായി സംസാരിച്ചു എന്നത് മുന്കൂട്ടി വിദേശകാര്യമന്ത്രിയെ അറിയിച്ചില്ല എന്ന കാരണം പറഞ്ഞ് പ്രീതി പട്ടേലിനെ 2017-ൽ തെരേസാ മേയ് മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയിരുന്നു.
വ്യവസായ, ഊർജ്ജ വാണിജ്യമന്ത്രിയായ (സെക്രട്ടറി ഓഫ് ബിസിനസ് എനർജി ആൻഡ് ഇന്റസ്ട്രിയൽ സ്ട്രാറ്റജി) അലോക് ശർമ്മ റെഡിങ്ങ് വെസ്റ്റിൽ നിന്നുള്ള എം പിയാണ്. ഇന്ത്യയിൽ ആഗ്രയിൽ ജനിച്ച അലോക്ശർമ്മ അഞ്ച് വയസ്സുള്ളപ്പോഴാണ് ബ്രിട്ടനിലേക്ക് കുടിയേറുന്നത്. ഭൌതികശാസ്ത്രത്തിലും ഇലക്ട്രോണിക്സിലും ബിരുദം നേടിയ അലോക്ശർമ്മ ഒരു ചാർട്ടേഡ് അക്കൌണ്ടന്റാണ്. ഇതിനു മുൻപ് തൊഴിൽ മന്ത്രിയായും ഭവനമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അലോക്ശർമ്മയും ഭഗവത്ഗീതയിൽ തൊട്ടാണ് ബ്രിട്ടീഷ് പാർലമെന്റിൽ സത്യപ്രതിജ്ഞ ചെയ്തത്.
ബ്രിട്ടനിൽ നിയമകാര്യമന്ത്രിയ്ക്ക് തുല്യമായ സ്ഥാനമാണ് അറ്റോർണി ജനറലിനുള്ളത്. മന്ത്രിസഭയിൽ ഇരിക്കാനും അറ്റോർണി ജനറലിന് അവകാശമുണ്ടെങ്കിലും പലപ്പോഴും ആ അവകാശം നിയമവിദഗ്ധർ വിനിയോഗിക്കാറില്ല. ബ്രിട്ടീഷ് അറ്റോർണി ജനറലായി ഇത്തവണ തിരഞ്ഞെടുത്തിരിക്കുന്നതും ഒരു ഇന്ത്യൻ വംശജയെയാണ്. സുവെല്ല ബ്രേവർമാൻ ഗോവയിൽ നിന്ന് ബ്രിട്ടനിൽ കുടിയേറിയ നേഴ്സായ ഉമ ഫെർണാണ്ടസിന്റേയും മൌറീഷ്യസിൽ നിന്ന് ബ്രിട്ടനിലെത്തിയ ക്രിസ്റ്റി ഫെർണാണ്ടസിന്റേയും മകളാണ്. കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്ന് നിയമബിരുദം നേടിയ അവർ പാരീസ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്. 2015 മുതൽ ഫെയർഹാം എന്ന മണ്ഡലത്തിൽ നിന്നുള്ള എംപിയാണ്. ഇന്ത്യയുമായും നരേന്ദ്രമോദി സർക്കാരുമായും വാണിജ്യവ്യാപാരബന്ധങ്ങൾ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ബ്രിട്ടീഷ് എംപിമാരിലൊരാളാണ് സുവെല്ല ബ്രേവർമാൻ. ബ്രിട്ടീഷ് പാർലമെന്റിൽ അതിനായി ശബ്ദമുയർത്തുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യൻ വംശജരായ ബ്രിട്ടിഷുകാർ ലേബർ പാർട്ടിയോട് ചേർന്ന് നിൽക്കാറായിരുന്നു പതിവ്. എന്നാൽ കഴിഞ്ഞ ഡിസംബറിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയെ പരാജയപ്പെടുത്താൻ പരസ്യമായി ഇന്ത്യൻ വംശജർ രംഗത്തിറങ്ങിയിരുന്നു. ആർട്ടിക്കിൽ 370 എടുത്തുമാറ്റിയതിനെതിരേ ലേബർ പാർട്ടി പാകിസ്ഥാന്റെ പക്ഷം ചേർന്ന് അനാവശ്യ പ്രമേയങ്ങൾ പാസ്സാക്കുകയും ഇന്ത്യയ്ക്കെതിരേ നിലപാടെടുക്കുകയും ചെയ്തു. മാത്രമല്ല, കഴിഞ്ഞ ആഗസ്റ്റ് 15നു സ്വാതന്ത്ര്യദിനമാഘോഷിക്കാൻ ഇന്ത്യൻ എംബസിക്കു മുന്നിൽ ഒത്തുകൂടിയ കൊച്ചുകുട്ടികളുൾപ്പെടെയുള്ള ഇന്ത്യാക്കാർക്കു നേരേ ലേബർ പാർട്ടി എംപീമാർ പങ്കെടുത്ത പ്രതിഷേധപ്രകടനത്തിലെ അക്രമാസക്തരായ പാകിസ്ഥാനി ആൾക്കൂട്ടം ആക്രമണം നടത്തിയതും ഇന്ത്യൻ വംശജരെ ലേബർ പാർട്ടിയിൽ നിന്നകറ്റി. ലേബർ പാർട്ടി മേയറും പാകിസ്ഥാൻ വംശജനുമായ സാദിഖ് ഖാൻ വേണ്ട നടപടികളോ മുൻകരുതലുകളോ ഇന്ത്യൻ എംബസി ആക്രമണത്തിനെതിരേ എടുത്തിരുന്നുമില്ല.
തീവ്ര ഇടത് വാദിയായ ജർമി കോർബിൻ എന്ന ലേബർ പാർട്ടി നേതാവ് ഇസ്രേയൽ-ജൂത വിരുദ്ധനും ആഗോള ഇസ്ലാമിസ്റ്റ് ഭീകരസംഘങ്ങളെ പരസ്യമായി പിന്തുണയ്ക്കുന്നയാളുമാണ്. ലേബർപാർട്ടി അമ്പേ പരാജയപ്പെടാൻ കാരണവും ഇതാണെന്ന് കരുതപ്പെടുന്നു. ഇന്ത്യക്കെതിരേയും ഇയാൾ പലതവണ അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്. ഹിന്ദുവിരുദ്ധനും സമാധാനപരമായി ജീവിക്കുന്ന ബ്രിട്ടീഷ് ഹിന്ദുക്കളെ പരസ്യമായി അപമാനിക്കുന്ന നിലപാടുകളും ജർമി കോർബിൻ എടുത്തിട്ടുണ്ട്.
ഇതൊക്കെക്കാരണം ബ്രിട്ടീഷ് ഇന്ത്യൻ ആൻഡ് ഹിന്ദു വോട്ട് മാറ്റേഴ്സ് എന്ന സംഘടന പരസ്യമായി കൺസർവേറ്റീവുകളെ പിന്തുണച്ച് രംഗത്തിറങ്ങിയിരുന്നു. അതിന്റെ അനുരണനമാണ് പുതിയ മന്ത്രിസഭാവികസനം എന്ന് കരുതപ്പെടുന്നു. ഇന്ത്യയുമായി ശക്തമായ ബന്ധങ്ങളുണ്ടാക്കാനുറച്ച് തന്നെയാണ് ഇൻഫോസിസ് തലവനായിരുന്ന നാരായണമൂർത്തിയുടെ മരുമകനെത്തന്നെ ധനകാര്യമന്ത്രിയാക്കിയതെന്നാണ് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.
Discussion about this post