ഡൽഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വംശീയാധിക്ഷേപം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ ചിലർ ഇത്തരത്തിൽ ആക്ഷേപിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇത്തരക്കാർക്കെതിരെ നിയമപരമായ നടപടികൾ കൃത്യമായി കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളെ സമുദായത്തിന്റെയോ പ്രദേശത്തിന്റെയോ മതത്തിന്റെയോ പേരിൽ വേർതിരിക്കുന്നവരാണ് യഥാർത്ഥ വൈറസെന്നും ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും റിജിജു അഭിപ്രായപ്പെട്ടു. അതേസമയം കൊവിഡ് ബാധയുടെ പേരിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ അധിക്ഷേപിക്കുന്നവർക്കെതിരെ അനുയോജ്യമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി.
കൊറോണ വൈറസ് ബാധയുടെ പേരിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലുള്ളവരെ ചിലർ ഇരട്ടപ്പേര് വിളിക്കുന്നതായും വൈറസ് എന്ന് വിളിച്ച് തുപ്പുന്നതായും ദേശീയ മാദ്ധ്യമങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. സമാനമായ സംഭവത്തിൽ യുവതിയുടെ പരാതിയെ തുടർന്ന് ഒരാൾക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തിരുന്നു.
Discussion about this post