ന്യൂഡൽഹി : ഉംപുൻ ചുഴലിക്കാറ്റിനെ നേരിടുന്നതിനായി കേന്ദ്രസർക്കാരിന്റെ എല്ലാ വിധ സഹായങ്ങളും സംസ്ഥാനങ്ങൾക്ക് ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി.ഉംപുൻ ചുഴലിക്കാറ്റ് ഇന്ത്യയെ എങ്ങിനെയെല്ലാം ബാധിക്കുമെന്ന് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി ഇന്നലെ ഉന്നതതല യോഗം വിളിച്ചിരുന്നു.മാരകശേഷിയുള്ള ഉംപുൻ ചുഴലിക്കാറ്റിനെ നേരിടുന്നതിനായി ഇന്ത്യ പൂർണസജ്ജമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ദേശിയ ദുരന്തനിവാരണ അതോറിട്ടിയിലെ ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ മോദി വ്യക്തമാക്കി.എല്ലാവരുടെയും സുരക്ഷക്ക് വേണ്ടി താൻ പ്രാർത്ഥിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
പശ്ചിമബംഗാളിന്റെയും ബംഗ്ലാദേശിന്റെയും തീരത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഉംപുൻ ചുഴലിക്കാറ്റ് മെയ് ഇരുപതോടെ തീരത്തോടടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഉംപുൻ ബാധിക്കാൻ സാധ്യതയുള്ള പ്രദേശത്തെ ആളുകളെ മാറ്റി പാർപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടികളെക്കുറിച്ച് യോഗത്തിൽ ചർച്ച ചെയ്തുവെന്നും ഉടൻ തന്നെ കാര്യങ്ങൾ നടപ്പിലാക്കി തുടങ്ങുമെന്നും മോദി ട്വിറ്ററിൽ കുറിച്ചു.മാത്രമല്ല, നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സിലെ 25 ടീമുകളെ രാജ്യത്തെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചു കഴിഞ്ഞുവെന്ന് ദേശീയ ദുരന്ത നിവാരണ സേനയുടെ ഡയറക്ടർ ജനറൽ അറിയിച്ചിട്ടുണ്ട്.
Discussion about this post