കൊല്‍ക്കത്ത : ഉംപുന്‍ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം വിതച്ച പശ്ചിമ ബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശനം നടത്തി.വ്യോമനിരീക്ഷണത്തിലൂടെ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തി.പശ്ചിമ ബംഗാളിന് കേന്ദ്രസര്‍ക്കാര്‍ 1,000 കോടി രൂപ അടിയന്തര സഹായമായി പ്രഖ്യാപിച്ചു.
ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഉംപുണ്‍ മൂലമുണ്ടായ നാശനഷ്ടങ്ങളും പുനരധിവാസ പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ കേന്ദ്ര സംഘത്തെ ഉടന്‍ അയക്കുമെന്നും മോദി പറഞ്ഞു.ഈ ദുഷ്കരമായ സമയത്ത് രാജ്യം മുഴുവന്‍ നിങ്ങളോടൊപ്പം നില്‍ക്കുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ന് രാവിലെ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹത്തെ മുഖ്യമന്ത്രി മമത ബാനര്‍ജിയും സംഘവും സ്വീകരിച്ചു.ബംഗാളില്‍ നിന്ന് അദ്ദേഹം ഒഡീഷയിലേക്ക് പോകും.ദുരിതാശ്വാസ, പുനരധിവാസ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് സംസ്ഥാനതല അവലോകന യോഗങ്ങളില്‍ പങ്കെടുക്കുകയും ചെയ്യും.ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി രാജ്യതലസ്ഥാനത്തിന് പുറത്തു പോകുന്നത്.
ഉംപുന്‍ ചുഴലിക്കാറ്റില്‍ പശ്ചിമ ബംഗാളില്‍ 77 പേര് മരിക്കുകയും ആയിരക്കണക്കിന് ആളുകള്‍ ഭവനരഹിതരാവുകയും ചെയ്തു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കനത്ത നാശനഷ്ടമാണ് നേരിട്ടത്. പാലങ്ങള്‍ തകര്‍ന്ന് ഗതാഗതം മുടങ്ങി. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്.ഒഡീഷയിലും ഉംപുന്‍ കനത്ത നാശം വിതച്ചു.
Discussion about this post