ഡല്‍ഹി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വന്ദേഭാരത് മിഷനിലൂടെ കാല് ലക്ഷത്തിലധികം പേരെ ഇന്ത്യയിൽ തിരിച്ചെത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യ ഇതുവരെ തിരിച്ചെത്തിച്ചത് 28,000ത്തിലധികം പ്രവാസികളെയാണ്. സമുദ്രസേതു, വന്ദേഭാരത് എന്നീ ദൗത്യങ്ങളുടെ ഭാഗമായി ഇതുവരെ 28,500 പ്രവാസികളാണ് നാട്ടില്‍ തിരിച്ചെത്തിയത്. 30 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
രാജ്യത്ത് ഇതുവരെ തിരികെയെത്തിച്ച പ്രവാസികളില്‍ 4,921 പേര് വിദ്യാര്‍ത്ഥികളാണ്. 3,969 പ്രൊഫഷണല്‍സും, 5,936 തൊഴിലാളികളും മടക്കിക്കൊണ്ടുവന്നവരില്‍ ഉള്‍പ്പെടുന്നു. 3,254 വിനോദ സഞ്ചാരികളെയും, 3,588 സന്ദര്‍ശകരെയും ഇരു ദൗത്യങ്ങളുടെയും ഭാഗമായി ഇന്ത്യയില്‍ തിരിച്ചെത്തിച്ചു.
ഏറ്റവും കൂടുതല്‍ ആളുകളെ ഇന്ത്യയില്‍ തിരിച്ചെത്തിച്ചത് യുഎഇയില്‍ നിന്നുമാണ്. വന്ദേഭാരത് ദൗത്യത്തിലൂടെ യുഎഇയില്‍ നിന്നും 4,243 പേരെയാണ് ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്. യുഎഇ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ഇന്ത്യയില്‍ എത്തിയിരിക്കുന്നത് യുകെയില്‍ നിന്നാണ്. യുകെയില്‍ നിന്നും 3,186 പേരെയാണ് ഇന്ത്യയിലേക്ക് മടക്കികൊണ്ടുവന്നത്. കൊറോണ വൈറസ് ബാധിതര്‍ ഏറ്റവും കൂടുതല്‍ ഉള്ള അമേരിക്കയില്‍ നിന്നും 2,678 പേരെയും ഇന്ത്യയില്‍ എത്തിച്ചിട്ടുണ്ട്. സമുദ്രസേതു ദൗത്യത്തിലൂടെ 1,488 പേരെയാണ് വിവിധ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയില്‍ എത്തിച്ചത്.
വിദേശ രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തിയവരില്‍ ഏറ്റവും കൂടുതല്‍ പേര് മലയാളികളാണ്. കേരളത്തില്‍ നിന്നുള്ള 8,574 പ്രവാസികളാണ് ഇതുവരെ രാജ്യത്ത് തിരിച്ചെത്തിയത്. തമിഴ്നാട് സ്വദേശികളായ 2,679 പ്രവാസികളും, ഡല്‍ഹി സ്വദേശികളായ 2,444 പ്രവാസികളും മടങ്ങിയെത്തിയിട്ടുണ്ട്. വിദേശരാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തിയവരില്‍ 2,249 പേര് തെലങ്കാന സ്വദേശികളും, 2,058 പേര് മഹാരാഷ്ട്ര സ്വദേശികളും ആണ്.
Discussion about this post