തിരുവനന്തപുരം: ബാര്‍ക്കോഴക്കേസില്‍ സുപ്രീംകോടതിയിലെ സ്വകാര്യ അഭിഭാഷകരില്‍ നിന്ന് നിയമോപദേശം തേടാന്‍ ആരാണ് നിര്‍ദ്ദേശം നല്‍കിയതെന്ന് കേസ് പരിഗണിക്കുന്ന വിജിലന്‍സ് കോടതി ചോദിച്ചു. അത്തരമൊരു നിയമോപദേശത്തിന് നിയമസാധുതയുണ്ടോയെന്നും കോടതി ചോദിച്ചു. വസ്തുതാ റിപ്പോര്‍ട്ടിനും അന്തിമ റിപ്പോര്‍ട്ടിനുമിടയില്‍ എന്തെങ്കിലും അന്വേഷണം നടന്നിട്ടുണ്ടോയെന്നും കോടതി ആരാഞ്ഞു.
അന്വേഷണ റിപ്പോര്‍ട്ട് പഠിച്ച് കൃത്യമായി മറുപടി നല്‍കാനും സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു. എ.ജിയും ഡി.ജി.പിയുമുള്ളപ്പോള് ഇവരെ മറികടന്ന് നിയമോപദേശം തേടേണ്ട ആവശ്യമെന്തെന്നും കോടതി ചോദിച്ചു. കേസ് സപ്തംബര്‍ 10ന് വീണ്ടും കോടതി പരിഗണിക്കും. കേസ് അന്വേഷിച്ച എസ്.പി സുകേശന്റെ റിപ്പോര്‍ട്ടില്‍ കോഴ വാങ്ങിയിട്ടില്ല എന്ന ധനമന്ത്രി കെ.എം മാണിയുടെ വാദം വിശ്വാസയോഗ്യമല്ലെന്നായിരുന്നു ഉണ്ടായിരുന്നത്.
എന്നാല്‍, കോടതിയില്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടില്‍ കെ.എം മാണി കോഴ വാങ്ങിയതിന് തെളിവില്ലെന്നും അതുകൊണ്ടു തന്നെ മാണിക്കെതിരെ അന്വേഷണം ആവശ്യമില്ലെന്നുമാണ് വ്യക്തമാക്കിയിട്ടുള്ളത്. ഈ വൈരുധ്യം സംബന്ധിച്ച വാദമാണ് ശനിയാഴ്ച്ച കോടതിയില്‍ നടന്നത്.
Discussion about this post