തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടിനെ കസ്റ്റംസ് അധികൃതര്‍ ചോദ്യം ചെയ്തു. ശിവശങ്കറിന്റെ വരുമാനത്തെക്കുറിച്ച് കൂടുതല്‍ വ്യക്തതവരുത്താനാണ് ഇദ്ദേഹത്തെ ചോദ്യംചെയ്തത്. ഇയാളില്‍ നിന്ന് എന്തെങ്കിലും തെളിവ് ലഭിച്ചോ എന്ന് വ്യക്തമല്ല.
അതിനിടെ ഇന്നലെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിന്റെ കീഴിലുളള സ്ഥാപനമായ വട്ടിയൂര്‍ക്കാവിലെ സി-ആപ്റ്റില്‍ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്ന് സീല്‍ഡ് കവറുകളടക്കം ചില പാഴ്സലുകള്‍ സി-ആപ്റ്റിലും, ഇവിടെ നിന്ന് സി- ആപ്റ്റിന്റെ വാഹനത്തില്‍ മലപ്പുറത്തും എത്തിച്ചതായിവിവരം കിട്ടിയിരുന്നു. ഇതിന്റെ നിജസ്ഥിതി അറിയാനാണ് കസ്റ്റംസ് പരിശോധന. ഉച്ചയോടെ സി.ആപ്റ്റിന്റെ വട്ടിയൂര്‍ക്കാവിലെ ഓഫീസിലെത്തിയ കസ്റ്റംസ് സംഘം സി ആപ്റ്റിലെ ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.
റംസാന് റിലീഫിന്റെ ഭാഗമായി യു.എ.ഇ കോണ്‍സുലേറ്റ് മലപ്പുറത്ത് നല്കിയ ഭക്ഷ്യകിറ്റിനൊപ്പം മതഗ്രന്ഥങ്ങളും വിതരണം ചെയ്തിരുന്നു. ഇത് സി-ആപ്റ്റില്‍ അച്ചടിച്ചതായാണ് കസ്റ്റംസിന് കിട്ടിയ വിവരം.
ഭക്ഷ്യ കിറ്റിനായി സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ മന്ത്രി കെ.ടി. ജലീല്‍ പലപ്പോഴായി വിളിച്ചിരുന്നതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു.
Discussion about this post