കോഴിക്കോട്: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് കരിപ്പൂരിലെത്തി. ശനിയാഴ്ച രാവിലെ പ്രത്യേക ഹെലികോപ്റ്ററിലാണ് വി. മുരളീധരന് കരിപ്പൂരിലെത്തിയത്. അപകടം വളരെ ദുഃഖകരവും ആശങ്കാജനകവുമാണെന്ന് മുരളീധരന് മാധ്യമങ്ങളോട് പറഞ്ഞു.
ദുരന്തസ്ഥലം സന്ദര്‍ശിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് താന്‍ എത്തിയതെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. അപകട സ്ഥലം സന്ദര്‍ശിച്ചതിന് ശേഷം പരിക്കേറ്റവരെയും മരണമടഞ്ഞവരുടെ ബന്ധുക്കളെയും കാണുമെന്നും മുരളീധരന് വ്യക്തമാക്കി.
അതേസമയം കരിപ്പൂര്‍ വിമാനാപകടത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അന്വേഷണം പ്രഖ്യാപിച്ചു. വിമാനത്തിന്റെ രണ്ട് പൈലറ്റുമാർ ഉള്‍പ്പെടെ 19 പേര് അപകടത്തില്‍ മരിച്ചിരുന്നു. 171 പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. അപകട കാരണം കണ്ടെത്താനായി ഡിജിസിഎ നിയോഗിച്ച സംഘം സംഭവ സ്ഥലത്തേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്.
ദുബായില്‍ നിന്ന് വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയാണ് തകര്‍ന്നത്. എയര്‍ പോര്‍ട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ അന്വേഷണവും നടക്കും.
Discussion about this post