ലാഹോര്‍: പാക്കിസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മതംമാറ്റി വിവാഹം ചെയ്ത പ്രതിയ്ക്കു അനുകൂലമായി വിധി പുറപ്പെടുവിച്ച് ലാഹോര്‍ ഹൈക്കോടതി. ഓഗസ്റ്റ് നാലിന് ആണ് കോടതി മൊഹമ്മദ് നാകാഷ് എന്ന മുസ്ലീം യുവാവിന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്.
ഇക്കഴിഞ്ഞ ഏപ്രില്‍ 28നാണ് മൊഹമ്മദ് നാകാഷും അയാളുടെ രണ്ട് അനുയായികളും മദീന പട്ടണത്തിലെ വീട്ടില്‍ നിന്നും മരിയ എന്ന പതിനാലുകാരിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോകുന്നത്. ആകാശത്തേക്ക് വെടിയുതിര്‍ത്ത് മറ്റുള്ളവരെ ഭീഷണിപ്പെടുത്തിയ ശേഷം എതിർക്കാൻ ശ്രമിച്ച മരിയയെ ബലമായി തട്ടി കൊണ്ടു പോവുകയായിരുന്നു. ഇക്കാര്യം ദൃക്സാക്ഷികളും മൊഴി നല്‍കിയെങ്കിലും കോടതി വിലയ്ക്കെടുത്തില്ല.
മരിയക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലെന്ന് തെളിയിക്കുന്ന സ്കൂള്‍ സര്‍ട്ടിഫിക്കറ്റും മാതാപിതാക്കള്‍ ഫൈസലാബാദ് ജില്ലാ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പെണ്‍കുട്ടിയെ ഒരു സ്ത്രീയുടെ സംരക്ഷണയില്‍ ആക്കിക്കൊണ്ടുള്ള ഫൈസലാബാദ് ജില്ലാ കോടതി വിധിയെ മറികടന്നുകൊണ്ടാണ് ലാഹോര്‍ ഹൈക്കോടതി ജഡ്ജി രാജാ മുഹമ്മദ് ഷാഹിദ് അബ്ബാസിയുടെ വിധി. ‘ഇന്റര്‍നാഷ്ണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍’ ആണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
ലാഹോര്‍ ഹൈക്കോടതി വിധിയെ ‘അവിശ്വസനീയം’ എന്നാണ് മരിയയുടെ അഭിഭാഷകന് ഖലീല്‍ താഹിര്‍ സന്തു വിശേഷിപ്പിച്ചത്.
Discussion about this post