കൊച്ചി: ഇടത് കൗൺസിലർ കാരാട്ട് ഫൈസലിനെതിരെ നിര്‍ണായക തെളിവുകളുമായി കസ്റ്റംസ്. സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതി സന്ദീപ് നായരെ കാണാനായി കാരാട്ട് ഫൈസല്‍ പലതവണ എത്തിയതായി സന്ദീപിന്റെ ഭാര്യ സൗമ്യ കസ്റ്റംസിന് മൊഴി നല്കി. ഇരുവരും സ്വര്‍ണക്കടത്തിനെ കുറിച്ചും ചര്‍ച്ച നടത്തിയിരുന്നു.
നയതന്ത്ര ബാഗേജ് വഴി കടത്തിയ സ്വര്‍ണം വില്ക്കാന് സന്ദീപ് നായരെ സഹായിച്ചതായും സൗമ്യ മൊഴി നല്‍കിയിട്ടുണ്ട്. വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതി കെ.ടി റമീസും കാരാട്ട് ഫൈസലിനെതിരെ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് കൊച്ചിയില്‍ നിന്നുള്ള അന്വേഷണ സംഘം കൊടുവള്ളിയിലെ കാരാട്ട് ഫൈസലിന്റെ വീട്ടിലെത്തി പരിശോധന നടത്തിയത്.
വീട്ടിലും സമീപത്തെ കെട്ടിടത്തിലുമായി നടത്തിയ പരിശോധനയില്‍ ചില രേഖകളും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ എത്തിച്ച കാരാട്ട് ഫൈസലിന്റെ ചോദ്യംചെയ്യല്‍ ഏഴ് മണിക്കൂര്‍ പിന്നിട്ടു. സ്വര്‍ണക്കടത്തില്‍ കാരാട്ട് ഫൈസല്‍ നിക്ഷേപം നടത്തിയിട്ടുണ്ടോ. കടത്തിയ സ്വര്‍ണം കേരളത്തിലോ പുറത്തോ വില്പന നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങല്‍ ആണ് കസ്റ്റംസ് പ്രധാനമായും പരിശോധിക്കുന്നത്.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സ്വപനയും സരിതും ഉള്‍പെടെ ഉള്ള പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് 200 കിലോയോളം സ്വര്‍ണം വിമാനത്താവളം വഴി പല ഘട്ടങ്ങളിലായി കടത്തി എന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ കൊടുവള്ളിയിലും മലപ്പുറത്തും ഉള്ള ചില ഇടനിലക്കാരെയും നിക്ഷേപകരെയും കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post