മൊബൈൽ നെറ്റ്വർക്ക് കാര്യക്ഷമമല്ലാത്തതിനാൽ ഓൺലൈൻ പഠനം തടസ്സപ്പെട്ട കുട്ടികൾക്ക് ടവർ സ്ഥാപിച്ചു നൽകി ബോളിവുഡ് താരം സോനു സൂദ്. ഹരിയാനയിലെ മോർനിയിലുള്ള സർക്കാർ സ്കൂളിലെ വിദ്യാർഥികൾക്കാണ് സോനു ടവർ സ്ഥാപിച്ചു നൽകിയത്.
നേരത്തെ, സമൂഹമാധ്യമങ്ങളിൽ മൊബൈൽ ഫോണുമായി മരത്തിൽ കയറി നെറ്റ്വർക്ക് തേടുന്ന ഒരു കുട്ടിയുടെ വീഡിയോ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട സോനു ഇൻഡുസ് ടവേഴ്സിന്റേയും എയർടെലിന്റേയും സഹായത്തോടെയാണ് പ്രദേശത്ത് ടവർ സ്ഥാപിച്ചത്. മുമ്പും ഇത്തരം സഹായങ്ങളുമായി സോനു സൂദ് മുന്നോട്ട് വന്നിട്ടുണ്ട്. കോവിഡ് ലോക്ക്ഡൗണിൽ താരത്തിന്റെ ഇടപെടൽ രാജ്യം മുഴുവൻ പ്രശംസിച്ചിരുന്നു.
സോനു ഇടപെട്ട് വിവിധയിടങ്ങളിൽ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികളെ നാട്ടിൽ തിരികെയെത്തിച്ചതും മഹാരാഷ്ട്രയിലെ തന്റെ ആറു നിലയുള്ള ആഡംബര ഹോട്ടൽ ആരോഗ്യപ്രവർത്തകർക്ക് താമസിക്കാനായി വിട്ടുനൽകിയതും വലിയ വാർത്തയായിരുന്നു.
Discussion about this post