കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ കൂടുതല്‍ അന്വേഷണം വേണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡറയറക്ട്രേറ്റ്. സ്വര്‍ണക്കടത്ത് കേസ് കുറ്റപത്രത്തില്‍ എം ശിവശങ്കറിനെതിരെ ഗുരുതര പരാമര്‍ശങ്ങളാണ് ഇ.ഡി നടത്തിയിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നയുടെ സാമ്പത്തിക ഇടപാടുകളില്‍ ശിവശങ്കറിനും പങ്കുണ്ടെന്ന് കൊച്ചിയിലെ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
സ്വപ്നയുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ വേണുഗോപാലും ശിവശങ്കറും തമ്മിലുള്ള വാട്ട്സ് ആപ്പ് സന്ദേശങ്ങളും എന്‍ഫോഴ്സ്മെന്റിന് ലഭിച്ചിരുന്നു. സ്വപ്നയ്ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്ന പല അവസരങ്ങളിലും അവരെ ശിവശങ്കര്‍ സാമ്പത്തികമായി സഹായിച്ചിട്ടുണ്ടെന്നും ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ശിവശങ്കര്‍ മൗനം പാലിച്ചുവെന്നും അതിനാല്‍ കൂടുതല്‍ അന്വേഷണം വേണമെന്നും പ്രാഥമിക കുറ്റപത്രത്തില്‍ വ്യക്തമാക്കി.
സ്പേസ് പാര്‍ക്കില്‍ ജോലിക്കായി അപേക്ഷ നല്കുമ്പോള് റഫറന്‍സായി കൊടുത്തത് ശിവശങ്കറിന്റെ പേരാണ്. ശിവശങ്കര്‍ നിര്‍ദേശിച്ച പ്രകാരമാണ് സ്പേസ് പാര്‍ക്ക് പദ്ധതിയില്‍ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് വഴി ജോലിക്ക് അപേക്ഷിച്ചത്. സ്വപ്നയുടെ പല സാമ്പത്തിക ഇടപാടുകളിലും നിര്‍ണായക പങ്കുവഹിച്ചിട്ടുള്ളതിനാല് ശിവശങ്കറിനെതിരെ ആഴത്തിലുള്ള അന്വേഷണം വേണമെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ച ശേഷം ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.
സ്വപനയും സരിത്തും സന്ദീപും ചേര്‍ന്ന് കള്ളപ്പണ ഇടപാട് നടത്തിയെന്ന് ഇ.ഡി കുറ്റപത്രത്തില്‍ പറയുന്നുണ്ട്. 303 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്. പ്രതികളുടെ പക്കല്‍ അനധികൃത സ്വത്തുകള്‍ കണ്ടെത്തിയിട്ടുണ്ട്. മൂന്ന് പേര്‍ക്കും ജാമ്യം കൊടുക്കരുതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റത്തിന് കോടതി ശിക്ഷാനടപടി സ്വീകരിക്കണം എന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രത്തിൽ ആവശ്യപ്പെടുന്നുണ്ട്.
Discussion about this post