തിരുവനന്തപുരം : മന്ത്രിമാരായ ഇ.പി ജയരാജനും കെ.ടി ജലീലുമുൾപ്പെടെ പ്രതികളായ നിയമസഭ കയ്യാങ്കളി കേസിൽ അഭിഭാഷകയെ മാറ്റി സംസ്ഥാന സർക്കാർ. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ബീന സതീഷിനെയാണ് കേസിൽ നിന്നും മാറ്റിയത്. പകരം, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ജെയിൽ കുമാറിന് കേസിന്റെ നടത്തിപ്പ് കൈമാറി. ഇതുസംബന്ധിച്ച ഉത്തരവിറക്കിയത് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണ്.
നേരത്തെ, കേസ് പിൻവലിക്കാനുള്ള ഉത്തരവിനെ പ്രോസിക്യൂട്ടർ ബീന സതീഷ് അനുകൂലിച്ചില്ലെന്ന് ഇടത് നേതാക്കൾ പരാതി നൽകിയിരുന്നു. ഇതേതുടർന്ന് അഭിഭാഷകയെ മാറ്റുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയത് വി.ശിവൻകുട്ടിയാണ്. നിയമസഭ കയ്യാങ്കളി കേസിൽ മന്ത്രിമാരായ ഇ.പി ജയരാജൻ, കെ.ടി ജലീൽ എന്നിവരെക്കൂടാതെ അന്നത്തെ എംഎൽഎമാരായിരുന്ന കെ.അജിത്ത്, കെ കുഞ്ഞഹമ്മദ്, സി.കെ സദാശിവൻ, വി.ശിവൻകുട്ടി എന്നിവരാണ് പ്രതികൾ. നിയമസഭയ്ക്കുള്ളിൽ അക്രമം നടത്തി രണ്ട് ലക്ഷത്തിലധികം രൂപയുടെ നഷ്ടം വരുത്തിയെന്നാണ് ക്രൈംബ്രാഞ്ച് കേസ്.
Discussion about this post