മുംബൈ : അധോലോക നായകനും മുംബൈ സ്ഫോടന പരമ്പരയുടെ സൂത്രധാരനുമായ ദാവൂദ് ഇബ്രാഹിമിന്റെ പാരമ്പര്യ സ്വത്തുവകകൾ നവംബർ പത്തിന് ലേലം ചെയ്യും. മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലുള്ള ദാവൂദിന്റെ വസ്തുവഹകളായിരിക്കും ലേലം ചെയ്യുക.
രത്നഗിരിയിലെ കൊങ്കണിലുള്ള ദാവൂദ് ഇബ്രാഹിന്റെ ഗ്രാമത്തിലെ ആസ്തികൾ ലേലം ചെയ്യാനുള്ള ചുമതല സ്മഗ്ളേഴ്സ് ആൻഡ് ഫോറിൻ എക്സ്ചേഞ്ച് മാനിപുലേറ്റഴ്സ് ആക്ട് (എസ്എഎഫ്ഇഎംഎ) അധികാരികൾക്കാണ്.ദാവൂദിന്റെ അടുത്ത അനുയായിയായ ഇഖ്ബാൽ മുർസിയുടെ രണ്ട് ഫ്ലാറ്റുകളും അന്നേദിവസം ലേലത്തിൽ വെയ്ക്കും. എസ്എഎഫ്ഇഎംഎ ഉദ്യോഗസ്ഥർക്കു തന്നെയാണ് ഇതിന്റെയും ചുമതല. ലേലത്തിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവർക്ക് നവംബർ രണ്ടിന് ആസ്തികളിൽ പരിശോധന നടത്താം. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനു കീഴിൽ വരുന്ന എസ്എഎഫ്ഇഎംഎ ഈ വർഷം ആദ്യം ദാവൂദിന്റെ 13 വസ്തുവഹകൾ ലേലം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചിരുന്നു.
സ്മഗ്ളേഴ്സ് ആൻഡ് ഫോറിൻ എക്സ്ചേഞ്ച് മാനിപുലേറ്റഴ്സ് ആക്ടിന്റെ സെക്ഷൻ 68എഫ് പിടികിട്ടാപ്പുള്ളികളുടെ സ്വത്തുവകകൾ ലേലം ചെയ്യാൻ ഉദ്യോഗസ്ഥർക്കു അനുമതി നൽകുന്നുണ്ട്.
Discussion about this post