മുംബൈ: നടനും സംവിധായകനുമായ അനുരാഗ് കശ്യപിനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ നടി പായൽ ഘോഷ് എൻഡിഎയിൽ ചേർന്നു. കേന്ദ്രമന്ത്രി രാംദാസ് അത്തേവാലയുടെ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയിൽ ചേർന്ന പായൽ ഘോഷ് പാർട്ടിയുടെ വനിതാ വിഭാഗം വൈസ് പ്രസിഡന്റായി സ്ഥാനമേറ്റു.
അനുരാഗ് കശ്യപിനെതിരായി പരാതി നൽകിയ പായൽ ഘോഷിനെ ബോളിവുഡ് സിനിമാ ലോകം ഒറ്റപ്പെടുത്തിയിരുന്നു. എന്നാൽ സ്ത്രീത്വത്തിന്റെ അഭിമാന സംരക്ഷണത്തിനായുള്ള പായൽ ഘോഷിന്റെ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതായി കേന്ദ്രമന്ത്രി അത്തേവാല അറിയിച്ചിരുന്നു. നീതി നിഷേധത്തിനെതിരെ മഹാരാഷ്ട്ര ഗവർണ്ണർക്ക് പരാതി നൽകാൻ പായൽ ഘോഷിന് കേന്ദ്രമന്ത്രി എല്ലാ പിന്തുണയും നൽകിയിരുന്നു.
അനുരാഗ് കശ്യപ് ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെന്ന് കാട്ടി സെപ്റ്റംബർ 19ന് പായൽ ഘോഷ് പരാതി നൽകിയിരുന്നുവെങ്കിലും മഹാരാഷ്ട്ര പൊലീസ് വേണ്ടത്ര പരിഗണന നൽകിയിരുന്നില്ല. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നടി പരാതി നൽകിയതോടെ വേസോവ പൊലീസ് സ്റ്റേഷനിൽ സെപ്റ്റംബർ 22ന് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരുന്നു.
Discussion about this post