ന്യൂഡൽഹി : ഇന്ത്യയും യു.എസും ചൈനയെ ഒരുമിച്ചു നേരിടണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ചൈന സുരക്ഷയ്ക്കും സ്വാതന്ത്ര്യത്തിനും ഭീഷണിയാണെന്നു പറഞ്ഞ പോംപിയോ, ഇന്ത്യയോട് ചൈനയുടെ നീക്കങ്ങൾക്കെതിരെ കനത്ത ജാഗ്രത പുലർത്തണമെന്നും നിർദേശിച്ചു.
ഡൽഹിയിൽ വെച്ച് നടക്കുന്ന ദ്വിതല ഉന്നത യോഗത്തിൽ പങ്കെടുക്കുന്നതിനായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും അമേരിക്കൻ പ്രതിരോധ സെക്രട്ടറി മാർക് എസ്പെറും ഇന്നലെയാണ് ഇന്ത്യയിലെത്തിയത്. കോവിഡ് മഹാമാരി രണ്ടു ജനാധിപത്യ രാജ്യങ്ങളും തമ്മിൽ കൂടുതലടുക്കാൻ അനുയോജ്യമായ സാഹചര്യത്തിനാണ് വഴിയൊരുക്കിയതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുമായും കൂടിക്കാഴ്ച്ച നടത്തുന്നതിനു മുമ്പ് മൈക്ക് പോംപിയോ പറഞ്ഞു. അതേസമയം, ഇന്നലെ രാത്രി ബേസിക് എക്സ്ചേഞ്ച് ആൻഡ് കോപ്പറേഷൻ എഗ്രിമെന്റിൽ (ബിഇസിഎ) അമേരിക്കയും ഇന്ത്യയും ഒപ്പുവെച്ചിരുന്നു.
ഇരുരാജ്യങ്ങളുടെയും പ്രതിരോധ രംഗത്തെ സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് നാല് സുപ്രധാന കരാറുകളിൽ ഒപ്പുവെക്കാൻ രാജ്യങ്ങൾ നേരത്തെ തീരുമാനിച്ചിരുന്നതാണ്. ഇതിൽ അവസാനത്തെ കരാറിലാണ് ഇന്നലെ ഇരുരാജ്യങ്ങളും ഒപ്പു വെച്ചത്. ‘ടു പ്ലസ് ടു ‘ മന്ത്രിതല ചർച്ചയിൽ പ്രതിരോധ കരാറിന്റെ രേഖകൾ ഇരുരാജ്യങ്ങളും പരസ്പരം കൈമാറുമെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post